Fisheries sector, cultural and youth affairs sectors have been given importance in the budget

മത്സ്യബന്ധന മേഖല, സാംസ്‌കാരിക മേഖല, യുവജനകാര്യ മേഖല തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകപ്പെട്ട ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കലാസാംസ്കാരിക മേഖലയുടെ വികസനത്തിനായി 183.14 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വർധനവ് പദ്ധതി വിഹിതത്തിൽ അനുവദിച്ചു.

കലാകാരന്മാർക്ക് നൽകുന്ന സഹായം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഫെലോഷിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ ബജറ്റിൽ തീരുമാനിച്ചു. കലാകാരന്മാർക്കായുള്ള വജ്രജൂബിലി ഫെലോഷിപ്പിനായി 13 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കലാകാരന്മാരോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണിത്.
കേരള ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ തീയറ്ററുകളുടെ ആധുനികവത്കരണം, ഒ.ടി.ടി പ്ലാറ്റ്ഫോം നിർമ്മാണം, സിനിമനിർമ്മാണം എന്നിവക്കായി 17 കോടി രൂപ അനുവദിച്ചു. സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിനും കേരളസാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിനുമായി ഓരോ കോടി രൂപ വീതം നൽകി.

സംസ്ഥാന യുവജന ക്ഷേമ ബോർഡിനു 18.95 കോടി രൂപയും യുവജന കമ്മീഷന് 1 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനത്തിനു ബജറ്റിൽ അനുവദിക്കപ്പെട്ടത്

മത്സ്യബന്ധന മേഖലയ്ക്ക് അർഹമായ പ്രാധാന്യം ഉറപ്പുവരുത്തുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം സുസ്ഥിരത ഉറപ്പുവരുത്തുന്ന നവീനാശയങ്ങളും ബജറ്റിൽ ഉൾച്ചേർത്തു.
മത്സ്യബന്ധന മേഖലയ്ക്കായി ആകെ 394.33 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. മത്സ്യബന്ധന മേഖലയ്ക്കായുള്ള സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 കോടി രൂപയുടെ വർധനവുണ്ടായി. തീരദേശ വികസനത്തിനുള്ള വിവിധ പദ്ധതികൾക്കായി 115.02 കോടി രൂപയും കടലോര മത്സ്യബന്ധന പദ്ധതികൾക്കായി 61.1 കോടി രൂപയും ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് 82.11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ – സാഗരം പദ്ധതിക്കായി 5 കോടി രൂപ അനുവദിച്ചു. മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു. മത്സ്യബന്ധന ബോട്ടുകളുടെ എൻജിനുകൾ ഘട്ടംഘട്ടമായി പെട്രോൾ/ഡീസൽ എൻജിനുകളാക്കി മാറ്റുന്നതിനുളള പുതിയ പദ്ധതിക്കായി ആദ്യഘട്ടത്തിൽ 8 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ നടപടികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഏറെ സഹായിക്കും.

പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി രൂപയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയ്ക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പുനർഗേഹം പദ്ധതിയുടെ വകയിരുത്തൽ 16 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായി വർദ്ധിപ്പിച്ചു. ഫിഷ് സീഡ് ഫാക്ടറികളും ഹാച്ചറികളും വിപുലീകരിക്കുന്നതിനായി 20 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഇത് മുൻവർഷത്തെക്കാൾ 5 കോടി രൂപ അധികമാണ്.

മത്സ്യബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 71 കോടി രൂപയും നബാർഡ്-ആർ.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ നടത്തുന്ന സംയോജിത തീരദേശ വികസന പദ്ധതിയുടെ പ്രവൃത്തികൾക്കായി 20 കോടി രൂപയും മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മണ്ണ് നീക്കലിനുമായി 8.52 കോടി രൂപയും അനുവദിച്ചു.

മത്സ്യബന്ധന മേഖലയിലെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചു. ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെ-ഡിസ്ക്, നോളജ് മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ആർ&ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ എന്നിവരുൾപ്പെട്ട ഒരു പ്രധാന ഫെസിലിറ്റേഷൻ കേന്ദ്രമായി ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ പ്രവർത്തിക്കും. നോർവേയിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ പിന്തുണയോടെ സമുദ്ര കൂടുകൃഷി ആരംഭിക്കുവാനും ബജറ്റിൽ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി 9 കോടി രൂപയാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് സർവ്വകലാശാലയുടെ പുതിയ കാമ്പസ് പയ്യന്നൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനായുള്ള അടിയന്തിര ആവശ്യങ്ങൾക്കായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മത്സ്യബന്ധന മേഖലയുടെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള സുസ്ഥിര വികസനം സാധ്യമാക്കുന്ന ബജറ്റ് ആണിത്.