കേരള ഫിലിം പോളിസി കോൺക്ലേവ്
മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സിനിമയുടെ സമസ്ത മേഖലകളെയും പരിഗണിച്ചും എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു സമഗ്ര സിനിമാ നയ രൂപീകരണത്തിലേക്കാണ് കേരളം കടക്കുന്നത്. ഒരു ജനാധിപത്യപരമായ, പങ്കാളിത്ത സ്വഭാവമുള്ള ഈ സിനിമാ നയരൂപീകരണം ഒരുപക്ഷേ ലോകസിനിമാ ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കും.
സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, സാംസ്കാരിക ക്രിയാത്മക വ്യവസായത്തിന്റെ (Cultural Creative Industry) സാധ്യതകൾ പരിശോധിക്കുക, തൊഴിൽ നിയമങ്ങൾ സിനിമാ മേഖലയ്ക്ക് ബാധകമാക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരമായാണ് ഒരു സമഗ്ര സിനിമാ നയം രൂപീകരിക്കുക എന്ന ആശയത്തിലേക്ക് ഈ സർക്കാർ എത്തുന്നത്. ഇതിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവ്.
2025 ഓഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത് കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചാണ് കേരള ഫിലിം പോളിസി കോൺക്ലേവ് നടക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഈ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. സിനിമയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന ഈ കോൺക്ലേവിൽ രാജ്യത്തും ലോകത്തും നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഇന്ത്യയിൽ ഇതിനോടകം സിനിമാ നയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC), കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരും അന്താരാഷ്ട്ര സിനിമയിലെ പ്രമുഖരും, സാമൂഹിക സാംസ്കാരിക പ്രവർത്തകരും, വിവിധ സിനിമാ സംഘടനകളും, തൊഴിൽ-നിയമ രംഗങ്ങളിലെ വിദഗ്ധരും ഈ കോൺക്ലേവിന്റെ ഭാഗമാകും. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, കൊറിയ, യുകെ, യുഎഇ എന്നിവിടങ്ങളിലെ പ്രമുഖ ചലച്ചിത്ര ഏജൻസികളിൽ നിന്നുള്ള പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമയിലെ പ്രമുഖ വ്യക്തികളും വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും ഈ സുപ്രധാന പരിപാടിയിൽ സാന്നിധ്യമറിയിക്കും.
രണ്ട് ദിവസത്തെ കോൺക്ലേവിൽ 9 വിവിധ വിഷയങ്ങളിലായുള്ള പാനൽ ഡിസ്കഷനുകൾ നടക്കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിൽ നടക്കുന്ന സമഗ്രമായ ചർച്ചകളിൽ ഉയർന്നു വരുന്ന ആശയങ്ങൾ ക്രോഡീകരിച്ചാവും നമ്മുടെ സിനിമാ നയത്തിൽ ഉൾപ്പെടുത്തുക.
സിനിമയെ സംബന്ധിച്ചുള്ള കേരള സർക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ചപ്പാടിൽ നിന്നാണ് സിനിമാ നയരൂപീകരണം എന്ന ആശയം ഉടലെടുത്തത്. ഇതിനായി 2023 ജൂണിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കെഎസ്എഫ്ഡിസി ചെയർമാനായിരുന്ന ഷാജി എൻ. കരുണിന്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുമായി ഏകോപനം നടത്തിയും ഇരുപതോളം കൂടിക്കാഴ്ചകളിലൂടെ സമവായം രൂപീകരിച്ചും ഒരു പ്രാഥമിക രേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ രേഖ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുകയും കരട് സിനിമാ നയം രൂപീകരിക്കുകയും സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്യും.
സിനിമാ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ
ഈ സർക്കാർ സിനിമാ മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. അവയിൽ ചിലത് ഇവിടെ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:
• വനിതാ/പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗം സംവിധായകർക്ക് പ്രോത്സാഹനം: സിനിമാ രംഗത്ത് വനിതകളെയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രതിവർഷം വനിതകളുടെ വിഭാഗത്തിൽ രണ്ടും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ രണ്ടും തിരക്കഥകൾക്ക്, അവ സിനിമയാക്കാൻ പരമാവധി 1.5 കോടി രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം വനിതാ സംവിധായകരുടെ നാല് സിനിമകളും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ 3 സിനിമകളും ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. ഇരുവിഭാഗത്തിലും ഓരോ സിനിമകള്‍ വീതം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഇപ്പോള്‍ പുതുതായി 4 സിനിമകള്‍ ഈ പദ്ധതി പ്രകാരം തെരഞ്ഞെടുത്തിട്ടുണ്ട്.
• കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്റർ നവീകരണം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്ററുകൾ നവീകരിക്കുന്ന പദ്ധതി ഈ സർക്കാർ നടപ്പാക്കിയതിന്റെ ഭാഗമായി ഒട്ടനവധി ആധുനിക സജ്ജീകരണങ്ങൾ തിയേറ്ററുകളിൽ ഒരുക്കിയിട്ടുണ്ട്. തിരുവനതപുരത്തെ കൈരളി തിയേറ്റര്‍ സമുച്ചയം, തൃശൂര്‍ കൈരളി ശ്രീ തിയേറ്ററുകള്‍ എന്നിവ നവീകരിച്ചു. തിയേറ്ററിനുള്ളിൽ അസ്വസ്ഥരാകുന്ന കുട്ടികളെ പരിപാലിക്കുന്നതോടൊപ്പം ആസ്വാദനത്തിന് തടസ്സം വരാതെ റൂമുകളിൽ ഇരുന്ന് സിനിമ വീക്ഷിക്കാനായി ബേബി റൂമുകൾ, തിയേറ്റർ ലോബിയിൽ പ്രത്യേക ഫീഡിംഗ് റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
• പുതിയ തിയേറ്ററുകളുടെ നിർമ്മാണം: കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കായംകുളം, വൈക്കം, അളഗപ്പ നഗർ, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതിയ തിയേറ്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
• വനിതകൾക്ക് തൊഴിൽ പരിശീലനം: സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്മെന്റ്, ക്യാമറ ആൻഡ് ലൈറ്റിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ തൊഴിലവസരത്തിന് ചലച്ചിത്ര അക്കാദമി വഴിയൊരുക്കും. ഇവർക്ക് ആറ് മാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമി സ്റ്റൈപന്റ് അനുവദിക്കും.
• സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക അവാർഡ്: കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സിനിമയുടെ ഏതെങ്കിലും മേഖലയിൽ മികവു പുലർത്തുന്ന സ്ത്രീ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി 50,000 രൂപയുടെ പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
• ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിന്റെ വികസനം: ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിന്റെ ഒന്നാംഘട്ട വികസന പ്രവർത്തനങ്ങൾ ഏകദേശം 70 കോടി രൂപ ചെലവിൽ നടന്നു വരുന്നു. ഈ വർഷം അവസാനത്തോടെ ഒന്നാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 80 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.
• സംസ്ഥാന സർക്കാരിന്റെ ആദ്യ ഒ.ടി.ടി. പ്ലാറ്റ്ഫോം: സർക്കാർ മേഖലയിൽ, സ്വന്തമായി ഒരു ഓവർ ദി ടോപ്പ് (OTT) പ്ലാറ്റ്ഫോം ആരംഭിച്ച ആദ്യ സംസ്ഥാനമാണ് കേരളം. സി സ്പേസ് എന്ന പ്ലാറ്റ്ഫോം മലയാള സിനിമയ്ക്ക് ഒരു വലിയ ഉത്തേജനമാണ് നൽകുന്നത്.
• സാംസ്കാരിക ക്ഷേമനിധി ബോർഡ് വഴിയുള്ള ധനസഹായം: കലാകാരന്മാർക്ക് താങ്ങും തണലുമാകുന്ന സാംസ്കാരിക ക്ഷേമനിധി ബോർഡ് വഴിയുള്ള ധനസഹായം സർക്കാർ വർദ്ധിപ്പിച്ചു.
• ഇ-ടിക്കറ്റിംഗ് പ്ലാറ്റ്ഫോം: സിനിമാ ടിക്കറ്റിംഗ് രംഗത്ത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഇ-ടിക്കറ്റിംഗ് പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി കരാർ ഒപ്പിട്ടു. ഇതിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഈ കോൺക്ലേവ് മലയാള സിനിമയുടെ ഭാവിക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നും, സിനിമാ മേഖലയിലെ എല്ലാവരുടെയും സഹകരണത്തോടെ ഒരു പുതിയ അധ്യായം കുറിക്കാൻ നമുക്ക് കഴിയുമെന്നും സര്‍ക്കാരിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും പ്രതീക്ഷ. ഇതിന്റെ വിജയത്തിനായി നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.