Kerala Maritime Board projects provide golden opportunities for private entrepreneurs

സ്വകാര്യ സംരംഭകർക്ക് സുവർണാവസരമൊരുക്കി കേരളാ മാരിടൈം ബോർഡ് പദ്ധതികൾ

തുറമുഖ വകുപ്പിന് കീഴിൽ നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികൾ സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിക്കാൻ പദ്ധതികളുമായി കേരളാ മാരിടൈം ബോർഡ്. തുറമുഖമായി വികസിപ്പിക്കുവാൻ കഴിയാത്ത തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, യന്ത്ര സാമഗ്രികൾ ഇവയെല്ലാം വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനുമുള്ള പദ്ധതികളാണ് മാരിടൈം ബോർഡ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമായി വിഭാവനം ചെയ്ത പദ്ധതികൾ ടെണ്ടർ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പുതിയ പദ്ധതികൾക്കായി താൽപര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബോർഡ്.

തുറമുഖ വികസനം, മാരിടൈം വിദ്യാഭ്യാസം, മാരിടൈം ടൂറിസം, മാരിടൈം വ്യവസായം, ലോജിസ്റ്റിക്സ് മേഖലകൾക്ക് ഊന്നൽ നൽകിയാണ് നൂതന പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. കോഴിക്കോട് കടൽത്തീരത്തുള്ള വിവിധ തുറമുഖ ഭൂമികൾ, പോർട്ട് ബംഗ്ലാവ്, നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം ആശ്രാമം കെ.ടി.ഡി.സി. കെട്ടിടത്തിന് സമീപമുള്ള തുറമുഖ ഭൂമിയിലെ മാരിടൈം ടൂറിസം പദ്ധതി, മലപ്പുറം പൊന്നാനി, കാസർഗോഡ് തളങ്കര എന്നിവിടങ്ങളിലെ മാരിടൈം ടൂറിസം പദ്ധതി, വലിയതുറ തുറമുഖ ഭൂമി, പൊന്നാനിയിലെ മാരിടൈം ഇൻഡസ്ട്രി പദ്ധതി, നോൺ മേജർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ക്രൂയിസ് ടൂറിസം പദ്ധതി, വലിയതുറ ടൂറിസം പദ്ധതി, തലശ്ശേരി ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളാണ് ടെണ്ടർ നടപടികളിൽ എത്തിനിൽക്കുന്നത്.

 

അടുത്ത ഘട്ടമായി വിഴിഞ്ഞത്തുള്ള തുറമുഖ ഭൂമി, അഴിക്കൽ ലൈറ്റ് ഹൗസ് പദ്ധതി, ആശ്രാമം സ്റ്റേഡിയത്തിന് സമീപമുള്ള തുറമുഖ ഭൂമി എന്നിവ വികസിപ്പിക്കുവാനുള്ള ആലോചനകൾ ബോർഡ് തലത്തിൽ നടക്കുന്നുണ്ട്. ഇതോടൊപ്പം മാരിടൈം ബോർഡിന് കീഴിലുള്ള കോവളം-വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴിക്കൽ തുറമുഖങ്ങളുടെ പ്രവർത്തനം വിഴിഞ്ഞം തുറമുഖം മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുവാനുള്ള ബോർഡിന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.

സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പിലാക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും തൊഴിൽ സാധ്യതയ്ക്കും വലിയ സംഭാവന നൽകുന്ന പദ്ധതികൾക്കാണ് കേരളാ മാരിടൈം ബോർഡ് പ്രാധാന്യം നൽകുന്നത്. സംസ്ഥാനത്തെ നോൺ മേജർ തുറമുഖങ്ങളുടെ നടത്തിപ്പും തുറമുഖ ഭൂമികളുടെയും മറ്റ് ആസ്തികളുടെയും വികസനവും ലക്ഷ്യമാക്കി 2017 ലാണ് കേരളാ മാരിടൈം ബോർഡ് ആക്ട് പ്രകാരം കേരളാ മാരിടൈം ബോർഡ് രൂപംകൊണ്ടത്.