For the first time in history, fish markets are being built at the government level.

മത്സ്യ മാർക്കറ്റുകൾ സർക്കാർ തലത്തിൽ നിർമ്മിക്കുന്നത് ചരിത്രത്തിലാദ്യം

സർക്കാർ മുൻകൈയെടുത്ത് മത്സ്യ മാർക്കറ്റുകൾ നിർമ്മിച്ചുകൊടുക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.
ശുചിത്വം പാലിച്ചുകൊണ്ട് സംസ്ഥാനത്ത് എല്ലാ മാർക്കറ്റുകളും നവീകരിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. വാണിജ്യ വ്യാപാര രംഗത്ത് വലിയ കുതിച്ചുചാട്ടം കൂടി ലക്ഷ്യമിട്ടാണ് മാർക്കറ്റുകളുടെ ആധുനികവൽക്കരിക്കലെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക നിലവാരത്തില്‍ നിർമ്മിക്കുന്ന പഴയ കുന്നുമ്മൽ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാർക്കറ്റുകളിൽ ശുചിത്വം ഉണ്ടാകണം, കച്ചവടത്തിന് വരുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാകണം. ഇതാണ് ഈ രംഗത്തെ സർക്കാരിന്റെ നിലപാട്. ഇതിനോടകം 65 മാർക്കറ്റുകളുടെ നിർമ്മാണം നടത്തി. ഗുണമേന്മയും ശുചിത്വവുമുള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ആനുപാതികമായ വർധന കൊണ്ടുവരിക, സംസ്ഥാനത്തെ മത്സ്യവിപണനം വിപുലീകരിക്കുക എന്നിവയും ലക്ഷ്യമിട്ടാണ് മാർക്കറ്റുകൾ നവീകരിക്കുന്നത്.

273651.33 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന രണ്ടു മത്സ്യ മാർക്കറ്റ് കെട്ടിടങ്ങളിലായി 22 കടമുറികൾ, 4 ബുച്ചർ സ്റ്റോറുകൾ, 15 മത്സ്യ വില്പന സ്റ്റോളുകൾ, ദിവസ കച്ചവടക്കാർക്കുള്ള മുറി, ഇലക്ട്രിക്കൽ മുറി, സെക്യൂരിറ്റി മുറി, ഓഫീസ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് മത്സ്യ മാർക്കറ്റ് നിർമ്മാണം നടപ്പിലാക്കുന്നത്.

ഓരോ സ്റ്റാളിലും ആവശ്യമായ സ്റ്റെയിൻലസ്സ് സ്റ്റീൽ ഡിസ്പ്ലേ ട്രോളി, സിങ്കുകൾ, ഡ്രെയ്നേജ് സംവിധാനം, മാൻഹോളുകൾ തുടങ്ങിയവയും മാർക്കറ്റിൽ സജ്ജീകരിക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയും വിധമാണ് മാർക്കറ്റ് രൂപകൽപ്പന. ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകൾ,മതിയായ ഡ്രെയിനേജ് സൗകര്യങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറു മാസമാണ് പദ്ധതിയുടെ നിർമ്മാണ കാലാവധി.