പ്ലാസ്റ്റിക് മുക്ത കടലിനായി ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി
കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് 2017 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി. മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴില്‍സുരക്ഷയും ലഭ്യമാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്രയജ്ഞ പദ്ധതിയാണിത്.
2018 മുതല്‍ കൊല്ലം നീണ്ടകര ഹാര്‍ബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി, സംസ്ഥാനത്തെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് 20 ഹാര്‍ബറിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മത്സ്യബന്ധനം, തദ്ദേശസ്വയംഭരണം, യുവജനകാര്യം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍, സംഘങ്ങള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെയും മെയ് മാസത്തില്‍ ഹാര്‍ബറുകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും ശുചിത്വമിഷന്‍ പരിശീലനം നല്‍കും.
മത്സ്യബന്ധന വേളയില്‍ ലഭിക്കുന്ന പ്ലാസ്റ്റിക് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സംഭരിച്ച് കരയിലെത്തിക്കുകയും തുടര്‍ന്ന് ഹാര്‍ബറിലുള്ള ഷ്രെഡ്ഡിംഗ് (പ്ലാസ്റ്റിക് പൊടിക്കാന്‍ ഉപയോഗിക്കുന്ന) യൂണിറ്റില്‍ എത്തിച്ച് സംസ്‌കരിച്ചശേഷം റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് ഷ്രെഡിംഗ് യൂണിറ്റ്. ഒരു പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിന് 55 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. ഇതു വരെ 1,50,000 കിലോ (150T) പ്ലാസ്റ്റിക് ശേഖരിക്കുകയും അതില്‍നിന്നും 99500 കിലോ പ്ലാസ്റ്റിക്ക് പൊടിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും 69500 കിലോ പൊടിച്ച പ്ലാസ്റ്റിക് വിറ്റ്, 14.4 ലക്ഷം രൂപ വരുമാനവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
2022 ജൂണ്‍ 8-ന് സംസ്ഥാനമാകെ പ്ലാസ്റ്റിക് വിമുക്ത കടലിന്റെ ആവശ്യകതെയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്യാമ്പയിന്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബീച്ചുകള്‍, ഹാര്‍ബറുകള്‍, മറ്റ് ലാന്റിംഗ് സെന്ററുകള്‍, തീരദേശത്തെ ചെറുതും വലുതുമായ കവലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കയ്യെഴുത്ത് പോസ്റ്ററുകള്‍, ബാനറുകള്‍ നാടന്‍ കലാരൂപങ്ങള്‍, തെരുവു നാടകങ്ങള്‍ എന്നിങ്ങനെയായിരിയ്ക്കും ബോധവത്ക്കരണ ക്യാമ്പയിന്‍ നടത്തുക. ‘കടലിനെ അറിയാം, കടല്‍ക്കാറ്റേല്‍ക്കാം, കടല്‍ത്തീരമണയാം’ എന്ന മുദ്രാവാക്യത്തോടെ കടലോര നടത്തം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിയ്ക്കും. ഇതു കൂടാതെ ജനകീയ പങ്കാളിത്തത്തോടെ ക്ലാസ്സുകള്‍, സെമിനാറുകള്‍, നോട്ടീസ് പ്രചാരണം, ചിത്രരചന മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, റോഡ് ഷോകള്‍, ബൈക്ക് റാലികള്‍ എന്നിവയും സംഘടിപ്പിക്കും.
ചാലുകള്‍, നദികള്‍, കായലുകള്‍ എന്നിവയിലൂടെ ഒഴുകി കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രഭവ കേന്ദ്രത്തില്‍ ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിന് കേരളമാകെ വാര്‍ഡ് തലത്തില്‍ ശക്തമായ പ്രചരണവും ബോധവല്‍ക്കരണവുമാണ് സംഘടിപ്പിക്കുന്നത്. 590 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തമാക്കാന്‍ 2022 സെപ്തംബര്‍ 18 ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന യജ്ഞം സംഘടിപ്പിക്കും. ഓരോ രണ്ട് കിലോമീറ്ററിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 25 സന്നദ്ധ പ്രവര്‍ത്തകര്‍ വീതം ഉള്‍പ്പെടുന്ന 600 ആക്ഷന്‍ ഗ്രൂപ്പുകളെ സജ്ജമാക്കും. ഓരോ ആക്ഷന്‍ ഗ്രൂപ്പുകളും ശേഖരിയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് അതാത് ആക്ഷന്‍ കേന്ദ്രങ്ങളില്‍ സംഭരിച്ച് ഓരോ ദിവസത്തെയും പ്ലാസ്റ്റിക് മാലിന്യ ശേഖരം അതത് ദിവസം ക്ലീന്‍ കേരള മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയില്‍ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കും.
ശുചിത്വ സാഗരം നടപ്പാകുന്നതോടെ കടലില്‍നിന്നും വലിയ അളവില്‍ പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്‌ക്കരിച്ച് പുനരുപയോഗിക്കാനും കഴിയും. ഇതിലൂടെ ഹാര്‍ബറുകളും തീരദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയായ പദ്ധതി എന്ന രീതിയില്‍ ലോകസാമ്പത്തിക ഫോറത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്ത പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി.