Coastal Cleanup Project and Marine Litter Survey to make the coast and sea plastic free

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി തീരവും കടലും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് കേരള സർവകലാശാല അക്വാറ്റിക്ക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, ഫിഷറീസ് വകുപ്പുമായി ചേർന്ന് യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പരിപാടികളാണ് തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സർവേയും. 9 തീരദേശ ജില്ലകളിൽ വിവിധ കോളേജുകളുടെയും ഗവേഷകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തീരപ്രദേശത്ത് കാണപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങളും പരിശീലനവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. സമുദ്ര അവശിഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ സൃഷ്ടിക്കുന്നതിലൂടെ, പൊതുജനങ്ങളെ ബോധവത്ക്കരിക്കാനും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും കൂടുതൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാനും സാധിക്കും. യുഎസ്എയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ പ്രകാരമാണ് സമുദ്രമാലിന്യ സർവേ നടത്തുന്നത്.