തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി എല്ലാ തീരദേശ നിയോജകമണ്ഡലങ്ങളിലും ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘തീര സദസ്’ പരിപാടി സംഘടിപ്പിക്കും. ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് ഏപ്രിൽ 24 മുതൽ മേയ് 28 വരെ 47 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ആദ്യ ഭാഗത്ത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രാദേശിക പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നങ്ങൾ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികൾ/നിർദേശങ്ങൾ സ്വീകരിക്കുകയും ഏതെങ്കിലും നിലയിലുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയുമെങ്കിൽ അവയുടെ വിതരണവും ഉൾപ്പെടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
തീരസദസിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഉന്നയിക്കാനുള്ള പരാതികൾ http://fims.kerala.gov.in/feedbackpublic/fishermenregfeedback.php വെബ്‌സൈറ്റ് വഴി ഏപ്രിൽ 15 വരെ സമർപ്പിക്കാം.