Retirement benefits for fishermen: State-level inauguration held

മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം: സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വിരമിക്കുമ്പോൾ അവർ അടച്ച അംശദായം പലിശ സഹിതം തിരികെ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. വെട്ടുകാട് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വിരമിക്കുമ്പോൾ പെൻഷൻ ഒഴികെയുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത സാഹചര്യം പരിഗണിച്ചാണ്, മത്സ്യത്തൊഴിലാളികൾ അടച്ച തുക ആശ്വാസധനമായി പലിശ സഹിതം തിരികെ നൽകാൻ സർക്കാർ തീരുമാനിച്ചത്.

അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം എക്കാലവും സർക്കാർ ഉണ്ടാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നടപടിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വാർദ്ധക്യകാലത്ത് തൊഴിലാളികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഉറപ്പാണിതെന്നും മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരദേശത്തിന്റെ സമഗ്ര പുരോഗതിക്കും മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കും സർക്കാർ നൽകുന്ന മുൻഗണനയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ കാലയളവിൽ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അർഹരായവർക്ക് തുക വേഗത്തിൽ വിതരണം ചെയ്യാൻ ബോർഡിന് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

2025 നവംബർ 30 വരെ ലഭിച്ച അപേക്ഷകൾ പ്രകാരം 67,440 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. അപേക്ഷകർ ആകെ 15.85 കോടി രൂപയാണ് അംശദായമായി അടച്ചിട്ടുള്ളതെങ്കിലും, ഇവർക്ക് പലിശയും ആനുകൂല്യങ്ങളും ഉൾപ്പെടെ ആകെ 18.94 കോടി രൂപ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2500 രൂപ വരെ അംശദായം അടച്ച എല്ലാ അപേക്ഷകർക്കും കുറഞ്ഞത് 2500 രൂപ വീതം വിരമിക്കൽ ആനുകൂല്യമായി ലഭിക്കും. 2500 രൂപയിൽ കൂടുതൽ അംശാദായം അടച്ചിട്ടുള്ളവർക്ക് പ്രസ്തുത തുകയ്ക്ക് പുറമെ, അധികമായി അടച്ച തുകയുടെ 5 ശതമാനം പലിശ കൂടി ചേർത്തുള്ള തുകയാണ് നൽകുന്നത്.