Mandalakala-Makaravilak Pilgrimage: Strict action to ensure drinking water and garbage disposal

മണ്ഡലകാല-മകരവിളക്ക് തീർത്ഥാടനം: കുടിവെള്ളം ഉറപ്പുവരുത്താനും മാലിന്യനിർമാർജ്ജനത്തിനും കർശന നടപടി എടുക്കണം

ശബരിമല മണ്ഡലകാല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിൽ വരുത്തേണ്ട മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്നു. തീർത്ഥാനത്തിരക്ക് പരിഗണിച്ച് ആവശ്യമായ മുൻ കരുതലുകൾ എല്ലാ വകുപ്പുകളും ഏകോപനത്തോടെ നിർവഹിക്കണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. സമയ ബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.

റെയിൽവേ സ്റ്റേഷൻ കെ.എസ്.ആർ.ടി.സി, വണ്ടിമല ദേവസ്ഥാനം, മഹാദേവ ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ ഓരോ സ്ഥലത്തും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 5 ടാപ്പുകൾ സജ്ജമാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആവശ്യമായ ടാങ്കർ ലോറികൾ സജ്ജമാക്കണം. പ്രാദേശിക റോഡിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ കണ്ടെത്തി ചെങ്ങന്നൂർ ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന് കൈമാറണം. ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള റോഡിൽ വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാനും തീരുമാനിച്ചു. മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവ് കൈകാര്യം ചെയ്യുന്നതിനായി പകുതി തുക കണ്ടെത്താൻ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകി.

ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറക്ക് പുറമെ അധികമായി സി.സി.ടി.വി ക്യാമറ സ്ഥാപിക്കണം. ക്ഷേത്രകുളത്തിൽ വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണം. ആയതിലേക്കായി സൂചനാ ഫലകങ്ങൾ സ്ഥാപിക്കണം. ക്ഷേത്ര പരിസരം ശുചീകരിക്കാനും ചെങ്ങന്നൂർ ദേവസ്വത്തോട് നിർദ്ദേശിച്ചു.

നിലവിലുള്ള ആംബുലൻസ് കൂടാതെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആംബുലൻസ് സംവിധാനം ഏറ്റെടുത്ത് പ്രവർത്തന സജ്ജമാക്കണം. അയ്യപ്പ ഭക്തന്മാർക്ക് ആരോഗ്യ സേവനം ഉറപ്പ് വരുത്തുന്നതിലേക്കായി ശബരിമല ഇടത്താവളം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എയ്ഡ് പോസ്റ്റ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിപ്പിക്കണം. 6 കിടക്കകളോട് കൂടിയ വാർഡ് ചെങ്ങന്നൂർ ഗവ ബോയ്‌സ് സ്‌കൂളിലെ ആശുപത്രിയിൽ സജ്ജമാക്കും. പാണ്ടനാട് എച്ച്.എസിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധനകൾ നടത്തണം. ആലപ്പുഴ വെക്ടർ കൺട്രോൾ യൂണിറ്റുമായി ചേർന്ന് ഉറവിട നശീകരണ പ്രവർത്തനങ്ങൾ, സ്പ്രേയിങ് ഫോഗിങ് എന്നിവ നടത്തണം. തീർത്ഥാടന കാലത്ത് ആവശ്യമായ മരുന്നുകൾ ബ്ലീച്ചിംഗ് പൗഡർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം. ആരോഗ്യ ബോധവൽക്കരണം നടത്തുന്നതിലേക്കായി വിവിധ ഭാഷകളിൽ സന്ദേശം ഉൾകൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

റെയിൽവേ സ്റ്റേഷൻ പരിസരം സമയബന്ധിതമായി വൃത്തിയാക്കണം. ശൗചാലയങ്ങൾ എല്ലാം പ്രവർത്തനസജ്ജമാക്കണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ അടിയന്തിരമായി മുറിച്ച് മാറ്റണം, റിസർവേഷൻ കൗണ്ടർ പഴയ സഥലത്ത് പുനഃ സ്ഥാപിക്കണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥാപിക്കുന്ന എയ്ഡ് പോസ്റ്റുകൾക്ക് ആവശ്യമായ സ്ഥല സൗകര്യം. വൈദ്യുതി എന്നിവ ഉറപ്പ് റെയിൽവേ ഉറപ്പുവരുത്തണമെന്ന്് യോഗം നിർദ്ദേശം നൽകി.

മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ റേറ്റ് ചാർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കണം.

ആറാട്ടുകടവിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യേണ്ടതാണ്. ആറാട്ടുകടവിൽ സംരക്ഷണ വേലി ഒരുക്കേണ്ടതും ആയതുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിൽ സൂചികാ ഫലകങ്ങൾ സ്ഥാപിക്കേണ്ടതാണെന്ന് യോഗം മേജർ ഇറിഗേഷനെ ചുമതലപ്പെടുത്തി.

മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ പ്രകാശതീവ്രതയുള്ള ബൾബുകൾ സ്ഥാപിക്കണം ഒടിഞ്ഞ പോസ്റ്റുകൾ നീക്കം ചെയ്യണം. പുത്തൻകാവ് പാലത്തിന് സമീപം ഉപയോഗശൂന്യമായി കിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തിരമായി നീക്കം ചെയ്യണം. തടസ്സമില്ലാതെ വൈദ്യുത ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ് തുടങ്ങിയവയക്ക് കെ.എസ്.ഇ.ബി.യെ ചുമതലപ്പെടുത്തി.

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിലേക്കായി ഹോട്ടലുകൾ, ബേക്കറികൾ മുതലായ സ്ഥാപനങ്ങളിൽ ഇടവിട്ട വേളകളിൽ പരിശോധന നടത്താൻ ഫുഡ് സേഫ്റ്റി വിഭാഗത്തിന് നിർദ്ദേശം നൽകി.

പി.ഡബ്ലിയു ഡി റോഡിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ കണ്ടെത്തി ചെങ്ങന്നൂർ ഫയർ & റക്സ വിഭാഗത്തിന് കൈമാറണമെന്ന് പിഡബ്ലിയുഡി നിരത്ത് ഉപവിഭാഗത്തോട് നിർദ്ദേശിച്ചു.

ഭക്ഷണ സാധനങ്ങളുടെ റേറ്റ് ചാർട്ട് തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക. വിലനിലവാരം പാലിക്കുന്നുണ്ടായെന്ന് ഉറപ്പ് വരുത്തുന്നതിലേക്കായി ഹോട്ടൽ, ബേക്കറി മറ്റ് കച്ചവട സ്ഥാപങ്ങൾ എന്നിവിടങ്ങളിൽ ഇടവിട്ട വേളകളിൽ പരിശോധന നടത്തുക തുടങ്ങിയവ സിവിൽ സപ്ലൈസ വകുപ്പ് നിർവഹിക്കണം.

അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ അടിയന്തിരമായി മുറിച്ച് മാറ്റുക, ആറാട്ടുകാവിൽ മതിയായ സുരക്ഷാ സംവിധാനവും സൂചികാ ഫലകങ്ങളും സ്ഥാപിക്കുക.ആറാട്ടുകാവിൽ മതിയായ സ്‌കൂബാ ഡൈവേഴ്‌സിനെയും, ഫോഴ്‌സിനെയുംവിന്യസിക്കുക തുടങ്ങിയ നടപടികൾ ഫയർ& റസ്‌ക്യൂ ചെങ്ങന്നൂർ സ്വീകരിക്കണം.

ഹോട്ടലുകൾ, ബേക്കറികൾ, താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫുഡ് ആൻഡ് സേഫ്റ്റി , ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ്, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി സംയുക്തമായി പരിശോധന നടത്തുന്നതിനായി സ്‌ക്വാഡ് രൂപീകരിക്കും.

ചെങ്ങന്നൂർ സൈനീക റസ്റ്റ് ഹൗസിലെ ശൗചാലയങ്ങൾ സൗജന്യമായി അയ്യപ്പഭക്തന്മാർക്ക് ഉപയോഗിക്കുന്നതിലേക്കായി ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുക. മണ്ഡലകാലം പ്രമാണിച്ച് നിസാമുദീൻ എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് റെയിൽവേക്ക് കത്ത് നൽകുക, റെയിൽവേ സ്റ്റേഷൻ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്നതിന് റെയിൽവേ അധികാരികൾക്ക് കത്ത് നൽകുക തുടങ്ങിയ നടപടികൾ ആർ.ഡി.ഓ ചെങ്ങന്നൂർ നിർവഹിക്കേണ്ടതാണ്.