പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൻറെ പുരോഗതിക്കായി 12000 കോടിയോളം രൂപയാണ് വിവിധ പദ്ധതികളിലായി ഈ സർക്കാർ കാലയളവിൽ തീരദേശവികസനത്തിനായി നീക്കിവെച്ചത്.
തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്റർ ദൂരപരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ പേരെയും പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയിൽ ഇതുവരെ ആകെ 2578 ഭവനങ്ങൾ നിർമിച്ചു നല്കി. ഇതിൽ 390 ഫ്ലാറ്റുകളും 2236 വീടുകളുമാണ്. ഇതിനു പുറമേ ലൈഫ് പദ്ധതിയിൽ ഫിഷറീസ് വിഭാഗത്തിൽ 12723 പേർ വീട് നിർമ്മിച്ചു. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ മറ്റ് വിവിധ ഭവനപദ്ധതികൾ പ്രകാരം 4706 വീടുകളും 192 ഫ്ലാറ്റുകളും നിർമ്മിച്ചു. ഇത്തരത്തിൽ ആകെ 20247 വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് ഒന്നും രണ്ടും പിണറായി സർക്കാരുകൾ നിർമ്മിച്ചു നല്കിയത്. തിരുവനന്തപുരം ജില്ലയിൽ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കർ ഭൂമി ലഭ്യമാക്കി 192 ഫ്ലാറ്റുകളുടെ നിർമ്മിക്കുന്ന നടപടിയും പുരോഗമിക്കുന്നു.
പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി 7 വർഷങ്ങൾക്ക് ശേഷം വെരിഫിക്കേഷൻ നടത്തിയതും പെർമിറ്റ് വിതരണം ആരംഭിച്ചതും നേട്ടമാണ്. മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യമായിരുന്ന ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂർ), കാസർകോട് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും മത്സ്യോല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സ്വയം തൊഴിൽ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന 2078 കോടി രൂപയുടെ മത്സ്യകൃഷി പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ‘എവിടെയെല്ലാം ജലാശയം, അവിടെയെല്ലാം മത്സ്യകൃഷി’ എന്ന ജനകീയ ക്യാമ്പയിന് തുടക്കംകുറിച്ചു. 2025 ഓടെ മത്സ്യവിത്തുദ്പാതനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കൃഷിയിലൂടെയുള്ള മത്സ്യ ഉത്പാദനം ഇരട്ടിയാക്കുന്നതിനും ലക്ഷ്യമിടുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി 10 പേർ വീതമടങ്ങുന്ന ഗ്രൂപ്പിന് 156 ലക്ഷം രൂപ വീതം വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ വിതരണം ചെയ്തു. കൂടാതെ ഈ വർഷവും 10 ആഴക്കടൽ മത്സ്യബന്ധനബോട്ടുകൾ കൂടെ കൈമാറും. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൂടുതൽ ബലവത്തായ എഫ്. ആർ. പി. യാനങ്ങളിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇതിനകം 320 എഫ്. ആർ. പി. മത്സ്യബന്ധന യൂണിറ്റുകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും വേണ്ടി ഫിഷറീസ് വകുപ്പിന് കീഴിൽ രൂപീകരിച്ച ഏജന്സിനയായ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) മുഖേന തീരദേശ ജില്ലകളിലായി 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കുന്നതിന് 6.43 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. തീരദേശ മേഖലയിൽ മത്സ്യ വിൽപനയും അനുബന്ധ തൊഴിലും ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഔദ്യോഗിക ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (JLG) പദ്ധതി ആരംഭിച്ചു. സ്വകാര്യധനമിടപാടുകാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണത്തിൽ നിന്നും ഇവരെ മുക്തരാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഗുണനിലവാരം ഉറപ്പാക്കിയ മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിലേയ്ക്ക് മത്സ്യവിപണന ശൃംഖല ശക്തിപ്പെടുത്തി ശുചിത്വ പൂർണമായ മത്സ്യമാർക്കറ്റ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മത്സ്യഫെഡ് മുഖേന മൊബൈൽ ഫിഷ് മാർട്ട്, ഹൈജീനിക് ഫ്രഷ് ഫിഷ് റീട്ടെയിലിംഗ് യൂണിറ്റുകൾ സഹകരണ ബാങ്കുകളുടെ കീഴിൽ ഫ്രാഞ്ചൈസി മാർട്ടുകൾ കൂടാതെ മത്സ്യം സംഭരിക്കുന്നതിനുള്ള ബേസ് സ്റ്റേഷൻ എന്നിവ നടപ്പിലാക്കി വരുന്നു. മത്സ്യബന്ധന ഹാർബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ 21 പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷ്വറൻസ് 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. മുഴുവൻ മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളികളെയും ഇൻഷ്വറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തി. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2700 രൂപയിൽ നിന്നും 4500 രൂപയായി വർദ്ധിപ്പിച്ചു.
വിദ്യാതീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ/സിവിൽ സർവ്വീസ്/ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നല്കി വരുന്നു. ഈ പദ്ധതിയിലൂടെ തീരമേഖലയിൽ ഇതിനകം 84 ഡോക്ടർമാരെ സൃഷ്ടിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് അവരുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു.
കാലാവസ്ഥാ മുന്നറിയിപ്പ്, കോവിഡ് എന്നിവ മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിലായി ആകെ 188 കോടി രൂപയുടെ ധനസഹായം നൽകി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എൻജിൻ വാങ്ങുന്നതിന് 30000 രൂപ വീതവും വല വാങ്ങുന്നതിന് 10000 രൂപ വീതവും ധന സഹായം നൽകുന്നുണ്ട്. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർദ്ധനയും പരിഗണിച്ച് കൂടുതൽ സുലഭവും ആദായകരവുമായ പെട്രോൾ, ഡീസൽ, എൽ. പി. ജി. തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിനുകളിലേയ്ക്ക് മാറുന്നതിന് സർക്കാർ ധനസഹായം നല്കും . പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിന്റെ ഭാഗമായി യാനങ്ങൾക്ക് ഇൻഷ്വറൻസ് ലഭ്യമാക്കി. പ്രീമിയം തുകയുടെ 90% വും സർക്കാർ ധനസഹായമാണ്.
അപ്രതീക്ഷിത കാലാവസ്ഥയും അനുബന്ധ ദുരന്തങ്ങളും മൂലമുള്ള അനിശ്ചിതാവസ്ഥ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വലിയ പ്രശ്നമാണ്. ഇത്തരം സന്ദർഭങ്ങളിൽ അവർക്ക് താങ്ങായി സർക്കാർ നിലകൊണ്ടു. ടൗട്ടേ ചുഴലിക്കാറ്റ് ബാധിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1200/- രൂപ നിരക്കിൽ 18.36 കോടി ധനസഹായം നല്കിത. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 1000/- രൂപ നിരക്കിൽ 32.41 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പ് മുഖേന തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000/- രൂപ നിരക്കിൽ 47.84 കോടി രൂപയുടെ ധനസഹായം അനുവദിച്ചതും ഈ സമീപനത്തിന്റെ ഉത്തമസാക്ഷ്യമാണ് .
ഈ സർക്കാർ വന്നതിനുശേഷം കേരളത്തിലെ തീരദേശമേഖലയുടെ പശ്ചാത്തല വികസനത്തിന് വലിയ മുൻഗണന സർക്കാർ നല്കി വരുന്നുണ്ട്. തീരദേശത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നും 36 സ്കൂളുകൾക്ക് 70 കോടി രൂപയും കിഫ്ബിയിൽ നിന്നും 57 സ്കൂളുകൾക്ക് 66 കോടി രൂപയും ഉൾപ്പെടെ 136 കോടി രൂപ അനുവദിച്ചു. ഇതിൽ 69 സ്കൂളുകളിലെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറി കഴിഞ്ഞു. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 1000 കോടി രൂപ ചെലവിൽ 2099 തീരദേശ റോഡുകളുടെ പുനരുദ്ധാരണം നടത്തിക്കഴിഞ്ഞു. തീരദേശത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. തീരദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും അടിസ്ഥാന സൗകര്യ വികസനത്തിന് 30 കോടി രൂപ ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ചു. മത്സ്യവിപണനത്തിലേർപ്പെടുന്ന സ്ത്രീ തൊഴിലാളികൾക്ക് സൗജന്യയാത്ര ഉറപ്പുവരുത്താൻ സമുദ്ര ബസ് സർവീസ് ആരംഭിച്ചു. മാതൃകാ മത്സ്യഗ്രാമം പദ്ധതി, മത്സ്യാധിഷ്ഠിത മൂല്യവർധിത ഉല്പ്പവന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനുമായി കൺസോർഷ്യം രൂപീകരണവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും എല്ലാ ജില്ലകളിലും സീഫുഡ് റസ്റ്റോറന്റുകൾ എന്നിവക്കും നടപടികൾ ആരംഭിച്ചു. കിഫ്ബി മുഖാന്തിരം 20 തീരദേശ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചത് അടിസ്ഥാന സൗകര്യവികസനങ്ങളിലെ പുതിയൊരു ഏടാണ്. ഇതോടൊപ്പം തീരദേശ ജനതയ്ക്ക് മാരകരോഗങ്ങളിൽ തുടർചികിത്സാസൗകര്യം ഉറപ്പാക്കുന്ന തീരാരോഗ്യം പദ്ധതി ആവിഷ്കരിച്ചു.
ഇത്തരത്തിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന മേഖലയ്ക്കും തീരദേശത്തിനും വളരെയേറെ പ്രാധാന്യം നല്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായി ഈ സർക്കാർ മുന്നോട്ട് പോകുകയാണ്. ഈ മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.