UARTC Membership for Kerala Fisheries and Marine Research University

ധ്രുവമേഖല കേന്ദ്രീകരിച്ച് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റികളുടെയും റിസർച്ച് ഓർഗനൈസേഷനുകളുടെയും കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക്കിൽ (യു ആർട്ടിക്) കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയ്ക്ക് (കുഫോസ്) അംഗത്വം ലഭിച്ചു.

നോർവേയിലെ ബോഡോയിൽ ജൂൺ ആദ്യവാരം നടന്ന വാർഷിക സമ്മേളനത്തിലാണ് കുഫോസിന് അംഗത്വം ലഭിച്ചത്. ധ്രുവമേഖലയിൽ നിന്ന് അഞ്ചും പുറത്തുനിന്നും 11-ഉം സ്ഥാപനങ്ങളെയാണ് പുതിയതായി അംഗങ്ങളാക്കിയത്. കേരള ഗവൺമെന്റ് ഇന്തോ-നോർവേ അക്കാദമിക എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ നോഡൽ സെന്റർ ആണ് കുഫോസ്. യു ആർട്ടിക് അംഗത്വം കുഫോസിന്റെ ഇന്തോ-നോർവേ പ്രാഗ്രാമിന് കൂടുതൽ ശക്തി പകരും. ഇന്തോ-നോർവേ പദ്ധതിയുടെ ഭാഗമായി കുഫോസ് നോർവേയിലെ വിവിധ സർവകലാശാലകളുമായി വിദ്യാർഥികളുടെയും അധ്യാപകരുടെയും എക്സ്ചേഞ്ച് പ്രോഗ്രാമുകൾ ഈ വർഷംതന്നെ ആരംഭിക്കും.

ആദ്യ വർഷം തന്നെ കുഫോസിൽ നിന്നും 10 പേരെയാണ് നോർവീജിയൻ ഗവേഷണ സ്ഥാപങ്ങളിലേക്ക് മൂന്ന് മാസത്തെ പരിശീലത്തിന് അയക്കുന്നത്. നോർവെയിൽ നിന്നുള്ള 5 വിദ്യാർത്ഥികളെ ഒരു മാസം കുഫോസിൽ പരിശീലിപ്പിക്കുകയും ചെയ്യും. ഇതിനായി 55 ലക്ഷം രൂപ കേരള സർക്കാർ കുഫോസിനു നൽകും.