After Beypur, Azhikal port also got ISPS approval

ബേപ്പൂരിന് പിന്നാലെ അഴിക്കൽ തുറമുഖത്തിനും ഐ എസ് പി എസ് അം​ഗീകാരം

കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾക്ക് പിന്നാലെ അഴിക്കൽ തുറമുഖത്തിനും ഐ എസ് പി എസ് (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) സ്ഥിരം അംഗീകാരം. അന്താരാഷ്ട്ര കപ്പലുകൾ അടുക്കുന്നതിനും തുറമുഖങ്ങൾക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അനുമതിയാണ് ഇന്റർനാഷണൽ ഷിപ്സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) കോഡ്. നേരത്തെ അഴീക്കൽ പോർട്ടിലേക്ക് വിദേശത്തുനിന്നുൾപ്പെടെ ചരക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി വേണ്ടിയിരുന്നു. ഐ.എസ്.പി.എസ് കോഡ് ലഭ്യമായതോടുകൂടി നേരിട്ട് തന്നെ അഴീക്കൽ പോർട്ടിലേക്ക് വിദേശ ചരക്കുകൾ കൊണ്ടുവരാൻ സാധിക്കും. 5 വർഷമാണ് അം​ഗീകാരത്തിന്റെ കാലാവധി.

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ തുറമുഖം യാഥാർഥ്യമാകുന്നതിനൊപ്പം സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ഐഎസ്പിഎസ് അംഗീകാരം നേടുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കുന്ന ക്യാമറകൾ, തുറമുഖ അതിർത്തി കമ്പിവേലിയിൽ സുരക്ഷിതമാക്കൽ, കരയിലും കടലിലും അതിക്രമിച്ചു കടക്കുന്ന ശിക്ഷാർഹമാണ് എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ, തകർന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കൽ തുടങ്ങി ഐ.എസ്.പി.എസ്. കോഡ് പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ ഈ തുറമുഖങ്ങളിൽ പൂർത്തിയാക്കിയിരുന്നു.