‘ഒരിടം’ പദ്ധതിക്ക് തുടക്കം
ആലപ്പുഴ ജില്ലയിലെ കോളനികളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയുടെ അവകാശരേഖ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം വിഭാവനം ചെയ്ത ‘ഒരിടം’ പദ്ധതിക്ക് തുടക്കം. പട്ടയ വിതരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന പട്ടയമിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശിപ്പിച്ചു.
കോളനികളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ രണ്ടായിരത്തിൽപരം കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കഴിയുമെന്നാണ് ജില്ല ഭരണകേന്ദ്രം കണക്കാക്കുന്നത്. പട്ടയം ആവശ്യമുള്ളവരെ കണ്ടെത്താൻ അങ്ങോട്ട് സമീപിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനികൾ സന്ദർശിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശരേഖ ഇല്ലാത്ത കുടുംബങ്ങളിൽ നിന്നും അർഹരായവരെ കണ്ടെത്തും. ഇവരിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിച്ച് നിയമാനുസൃത നടപടികൾ കൈക്കൊള്ളും.