Traditional fishermen are provided with deep sea fishing boats

മത്സ്യബന്ധനമേഖലയിൽ മാറ്റത്തിന്റെ വേലിയേറ്റമാണ് നടക്കുന്നത്. അക്കൂട്ടത്തിലേക്ക് അഭിമാനത്തോടെ മറ്റൊരു പദ്ധതി കൂടെ അവതരിപ്പിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ആഴക്കടൽ മത്സ്യബന്ധനബോട്ടുകൾ സർക്കാർ നൽകുന്ന പദ്ധതി.
സംസ്ഥാനത്തെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയാണ് മത്സ്യബന്ധന മേഖല. വർദ്ധിച്ച മത്സ്യബന്ധന സമ്മർദ്ദവും കാലാവസ്ഥാ വ്യതിയാനവും മൂലം തീരക്കടൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തീരക്കടൽ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആഴക്കടലിൽ ഇപ്പോഴും പിടിച്ചെടുക്കപ്പെടാതെയുള്ള മത്സ്യ വിഭവങ്ങളായ ഓഷ്യാനിക് ട്യൂണ ഉൾപ്പെടെയുള്ള മത്സ്യ സമ്പത്ത് പ്രയോജനപ്പെടുത്താൻ കഴിയുംവിധം ആഴക്കടൽ മത്സ്യബന്ധനത്തിന് ഇവരെ പ്രാപ്തരാക്കുന്നതിന് സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് 1.57 കോടി രൂപ ചെലവിൽ നിർമിച്ച യന്ത്രവത്കൃത ബോട്ടുകൾ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത്. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യുക, അവരെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയത്. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 10 മത്സ്യത്തൊഴിലാളികൾ വീതം അടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ബോട്ടുകൾ 1.57 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 40% കേന്ദ്ര,സംസ്ഥാനസർക്കാരുകളുടെ സംയുക്ത വിഹിതവും 60% ഗുണഭോക്തൃ വിഹിതവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അത്രയും ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സർക്കാർ വിഹിതം കൂടാതെ ഓരോ യൂണിറ്റിനും കേരള സർക്കാർ 30.06 ലക്ഷം (ഗുണഭോക്ത്യ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (CMEDP)യിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും അനുവദിച്ചു.
കൊച്ചിൻ ഷിപ് യാർഡിന്റെ കീഴിലുള്ള മാൽപെ യാർഡിൽ ഇതിനകം നിർമ്മാണം പൂർത്തീകരിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി തയ്യാറായിട്ടുണ്ട്. 10 ബോട്ടുകളാണ് ആദ്യഘട്ടത്തിൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത്. മറ്റൊരു 10 ബോട്ടുകൾ കൂടെ ഈ വർഷം തന്നെ നൽകുവാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.