തീരമേഖലയുടെ സംരക്ഷണത്തിന് എറണാകുളം ചെല്ലാനത്ത് നടപ്പാക്കുന്ന ടെട്രാപോഡ് മാതൃക വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം കൊല്ലംകോട് (പൊഴിയൂർ), കൊല്ലം കരുനാഗപ്പള്ളി മണ്ഡലത്തിലെ ആലപ്പാട് എന്നിവിടങ്ങളിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
ആലപ്പാട് പഞ്ചായത്തിലെ തീരശോഷണം തടയുന്നതിന് 172.50 കോടി കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഭദ്രൻമുക്കിൽ കുഴിത്തുറയ്ക്കും സ്രായിക്കാടിനും ഇടയിലുള്ള 1.6 കിലോമീറ്റർ ദൂരത്താണ് ചെല്ലാനം മാതൃകയിൽ സംരക്ഷണ പ്രവൃത്തികൾ നടത്തുക. ഈ മേഖലയിൽ നിലവിലുള്ള സംരക്ഷണ ഭിത്തി ഏറെക്കുറേ തകർന്ന അവസ്ഥയിലാണ്. നിലവിലുള്ള സംരക്ഷണ ഭിത്തി നിലനിർത്തി കൊണ്ടുതന്നെയാകും ടെട്രോപോഡുകൾ സ്ഥാപിക്കുക. കൊല്ലംകോട് തീരസംരക്ഷണത്തിന് 51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
കൊല്ലംകോട്, ആലപ്പാട്, ചെല്ലാനം ഉൾപ്പെടെ തീരശോഷണം രൂക്ഷമായ സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി 560 കിലോമീറ്റർ ദൈർഘ്യം വരുന്ന 10 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയാണ് തീര സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ ഒറ്റമശേരിയിൽ പുലിമുട്ട് നിർമ്മാണം രണ്ടു ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തിരുവനന്തപുരം ശംഖുമുഖം, മലപ്പുറം ജില്ലയിലെ പൊന്നാനി, കോഴിക്കോട് ജില്ലയിലെ കാപ്പാട്, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, കൈപ്പമംഗലം, തലശ്ശേരി (കണ്ണൂർ), വലിയപറമ്പ (കാസർകോട്) തുടങ്ങിയവയാണ് മറ്റ് ഹോട്ട്സ്പോട്ടുകൾ. ഇവിടങ്ങളിൽ ടെണ്ടർ ക്ഷണിക്കൽ ഉൾപ്പെടെയുള്ള പ്രാഥമികഘട്ട നടപടികൾ പുരോഗമിക്കുകയാണ്.
തീരസംരക്ഷണത്തിനായി അഞ്ചു വർഷത്തിനുള്ളിൽ 5300 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 65 കിലോമീറ്റർ തീരത്തിന് അടിയന്തര സംരക്ഷണം ആവശ്യമാണെന്നു കണ്ടെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.
തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി ചെല്ലാനത്ത് നിർമ്മിക്കുന്ന കടൽഭിത്തിയുടെയും പുലിമുട്ടുകളുടെയും നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ചെല്ലാനത്തെ കടലേറ്റ ഭീഷണി പൂർണമായും ഇല്ലാതാകും. ടെട്രാപോഡ് ഉപയോഗിച്ച് കേരളത്തിൽ തന്നെ ആദ്യമായി നിർമ്മിക്കുന്ന കടൽഭിത്തിയാണ് ചെല്ലാനത്തേത്. 344 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളും നിർമ്മിക്കുന്നതാണ് ചെല്ലാനം പദ്ധതി. ചെല്ലാനത്തുതന്നെയാണ് ടെട്രാപോഡുകൾ നിർമ്മിക്കുന്നത്. മൂന്ന് നിരകളിലായിട്ടാണ് കടൽഭിത്തി നിർമ്മിക്കുന്നത്. നടുവിൽ കരിങ്കല്ലും ഇതിനു ഇരുവശത്തുമായി ട്രൈാപോഡുകളും വിരിച്ചാണ് സംരക്ഷണം ഒരുക്കുന്നത്.
ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷന് വേണ്ടി പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റാണ് ചെല്ലാനത്ത് ടെട്രാപോഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രണ്ടു ടൺ, 3.5 ടൺ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്കായി കരിങ്കല്ലിനൊപ്പം വിരിക്കുക. നേരത്തെ കരിങ്കല്ലുകളാണ് തീരസംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ കടലേറ്റം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ഇവ ഒഴുകിപ്പോകും. എന്നാൽ എത്ര വലിയ തിരമാലകൾ ഉണ്ടായാലും തിരയ്ക്കൊപ്പം മണൽ കടലിലേക്ക് തിരിച്ചൊഴുകുന്നത് തടയാൻ ടെട്രാപോഡുകൾക്ക് കഴിയും. ഇതുവരെ 30,000ത്തിൽ അധികം ടെട്രാപോഡുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു.
ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കടലേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യമത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഇവിടെ ടൂറിസം കേന്ദ്രം സ്ഥാപിക്കും