സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തും. സിനിമാ രംഗത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. 70 കോടി ചെലവിട്ട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ലഭ്യമായ ആധുനിക സൗകര്യങ്ങളും അനുകൂല അന്തരീക്ഷവുമൊരുക്കി ചിത്രാഞ്ജലി സ്റ്റുഡിയോ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റും. സിനിമാ ടൂറിസത്തിന് പ്രാമുഖ്യം നൽകി കേരളത്തെ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
കേരളത്തിന്റെ പ്രകൃതി ഭംഗി മലയാള സിനിമയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നതിന് പ്രത്യേക ക്യാമ്പയിൻ നടത്തും. മറ്റ് ഭാഷാസിനിമകളിലും കേരളത്തിലെ സ്ഥലങ്ങൾ പ്രതിഫലിക്കണം. ആധുനിക രീതിയിലുള്ള കൂടുതൽ തിയേറ്ററുകൾ നിർമിക്കുന്നതിനുള്ള നടപടി കാര്യക്ഷമമാക്കും. സർക്കാർ നിയന്ത്രണത്തിലുള്ള ഒ റ്റി റ്റി പ്ലാറ്റ്ഫോം നിർമാണം അന്തിമഘട്ടത്തിലാണ്.
സിനി എക്സ്പോ പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഓഡിയോ വിഷ്വൽ മേഖലയിലെ പ്രശസ്ത സിനിമാ നിർമാണ ഉപകരണ കമ്പനികളായ ആരി, സോണി, സിഗ്മ, സീസ്, അപ്പുച്ചർ, ഡിസ്ഗൈസ് തുടങ്ങിയ 13 കമ്പനികൾ എക്സ്പോയിൽ പങ്കെടുത്തു. ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് മികച്ച ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.
ഒ.ടി.ടി കാലത്ത് പരിപാടികളുടെ ഗുണമേന്മ വർധിപ്പിക്കുന്ന കാര്യത്തിൽ ടി.വി ചാനലുകൾ ശ്രദ്ധ പുലർത്തണം. ഇത്തവണ മികച്ച സീരിയൽ, രണ്ടാമത്തെ സീരിയൽ എന്നിവയ്ക്ക് അവാർഡ് നൽകാൻ കഴിയാതെ വന്നത് ആ നിലവാരത്തിലുള്ള സൃഷ്ടിക്കൽ ഇല്ലാത്തതിനാലാണ്.
വെബ്ബ് സീരിയലുകളും ക്യാമ്പസ് ചിത്രങ്ങളും ഉൾപ്പെടെ, ചലച്ചിത്രം ഒഴികെയുള്ള എല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവന്ന് അവാർഡിനായി പരിഗണിക്കണമെന്ന ജൂറി നിർദേശം സർക്കാറിന്റെ പരിഗണനയിലുണ്ട്. സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ വിശ്വാസ്യത കുറയുന്നുണ്ടോ എന്ന് ചാനലുകൾ പരിശോധിക്കണം. മാധ്യമങ്ങൾക്ക് വിമർശിക്കാൻ അവകാശമുണ്ട്. എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ വാർത്താധിഷ്ഠിത പരിപാടികൾ എന്ന രീതിയിൽ വസ്തുതയില്ലായ്മ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന കാര്യം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.