15th IDSFFK from 4th August

15ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ ആഗസ്റ്റ് 4 മുതൽ

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ആഗസ്റ്റ് 4 ന് തിരുവനന്തപുരത്ത് ആരംഭിക്കും. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി ആറു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 300 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

മൽസര വിഭാഗത്തിലും ഫോക്കസ് വിഭാഗത്തിലുമുള്ള ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ചിത്രങ്ങൾ, ജൂറി അംഗങ്ങളുടെ ചിത്രങ്ങൾ, ഹോമേജ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദർശനം നടക്കുക.
ഹോമേജ് വിഭാഗത്തിൽ ഛായാഗ്രാഹകൻ നവ്‌റോസ് കോൺട്രാക്റ്റർ, ചെക് എഴുത്തുകാരൻ മിലൻ കുന്ദേര, സംവിധായകനും സാമൂഹിക പ്രവർത്തകനുമായ കെ.പി ശശി, ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി, ചിത്രകാരനും ശിൽപ്പിയുമായ വിവാൻ സുന്ദരം, ഡോക്യുമെന്ററി സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ചന്ദിത മുഖർജി എന്നിവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും.

മേളയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ദീപ ധൻരാജിന് സമ്മാനിക്കും. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. മേളയിൽ ദീപ ധൻരാജിന്റെ 9 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സമാപന ദിവസമായ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
മേളയിൽ പങ്കെടുക്കുന്നതിനായി www.idsffk.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് ജി.എസ്.റ്റി ഉൾപ്പെടെ 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ മുഖേന ഓഫ് ലൈൻ ആയും രജിസ്‌ട്രേഷൻ നടത്താം.