Happiness Film Festival; Delegate registration from 11th January

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ജനുവരി 11ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ജി.എസ് ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 354 രൂപയും വിദ്യാർത്ഥികൾക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. ഓഫ് ലൈൻ രജിസ്‌ട്രേഷന് മേളയുടെ മുഖ്യവേദിയായ തളിപ്പറമ്പ് ക്‌ളാസിക് തിയേറ്ററിനു മുന്നിലെ സംഘാടക സമിതി ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.
ക്‌ളാസിക്, ക്‌ളാസിക് ക്രൗൺ, ആലിങ്കീൽ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 35 സിനിമകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരത്ത് നടന്ന 28ാമത് ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകപ്രീതി നേടിയ ഗുഡ്‌ബൈ ജൂലിയ, എൻഡ്‌ലെസ് ബോർഡേഴ്‌സ്, സൺഡേ, ദ ഓൾഡ് ഓക്ക്, ഫാളൻ ലീവ്‌സ്, ടെറസ്റ്റിയൽ വേഴ്‌സസ്, മി ക്യാപ്റ്റൻ, ദ മങ്ക് ആന്റ് ദ ഗൺ, ഖേർവാൾ, ഓൾ ദ സയലൻസ്, ഹെസിറ്റേഷൻ വൂണ്ട്, ദ പ്രോമിസ്ഡ് ലാന്റ്, പ്രിസൺ ഇൻ ദ ആൻഡസ്, തടവ്, ആപ്പിൾച്ചെടികൾ, നീലമുടി, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ഷെഹരസാദെ, ദായം, വലാസൈ പറവകൾ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, എക്‌സിബിഷൻ എന്നിവയും ഉണ്ടായിരിക്കും. നവതിയുടെ നിറവിലത്തെിയ എം.ടി വാസുദേവൻ നായരുടെയും മധുവിന്റെയും ചലച്ചിത്രജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ‘എം.ടി, മധു@90’ എന്ന ഫോട്ടോ പ്രദർശനം 21ന് രാവിലെ മുതൽ ആരംഭിക്കും.