Swami Vivekanandan Youth Talent Award: Date extended

സ്വാമിവിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം: തീയതി നീട്ടി

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകുന്നതിനുമുള്ള അവസാന തീയതി ഓഗസ്റ്റ് 10നു വൈകീട്ട് അഞ്ചുവരെ നീട്ടി.

വ്യക്തിഗത പുരസ്‌കാരത്തിനായി 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നിർദേശിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 10 പേർക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി സ്വയം അപേക്ഷ നൽകേണ്ടതില്ല. ഏതൊരാൾക്കും മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യാം. അതത് മേഖലയിലെ വിദഗ്ദ്ധരുൾപ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബുകൾക്ക് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും. ഓരോ വിഭാഗത്തിലും അതത് ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിൽ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.

മാർഗനിർദേശങ്ങളും അപേക്ഷാഫോമും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ്സൈറ്റിലും (www.ksywb.kerala.gov.in) ലഭ്യമാണ്.