c space

സി സ്‌പേസ് -സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം

സിനിമകള്‍ തിയേറ്ററില്‍ മാത്രമല്ല, വീടുകളില്‍ ചെറിയ സ്‌ക്രീനില്‍ സിനിമ കാണുന്ന തലത്തിലേക്ക് ആസ്വാദനം മാറിയത് ഒടിടി (Over The Top) പ്ലാറ്റ് ഫോമുകളുടെ വരവോടെയാണ്. സ്വകാര്യ ഒടിടി പ്ലാറ്റ് ഫോമുകള്‍ ഒരുപാടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ ഒടിടി സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സി സ്‌പേസ് എന്ന് പേരിട്ടിരിക്കുന്ന സര്‍ക്കാര്‍ ഒടിടി കേരളപ്പറവി ദിനമായ നവംബര്‍ ഒന്നിനാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു ലക്ഷ്യമിടുന്നു.

ലോകോത്തര സിനിമാസ്വാദനത്തിന് ഏറ്റവും മികച്ച സാങ്കേതിക മികവോടെ സിനിമകള്‍ ആസ്വദിക്കാനുള്ള സംവിധാനമാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KSFDC) ഒരുക്കുന്ന ഈ സംരംഭം. തിയേറ്റര്‍ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ സാധാരണയായി സര്‍ക്കാരിന്റെ ഒടിടിയിലേക്ക് എത്തുക. അതിനാല്‍ സി സ്‌പേസ് സംവിധാനം വരുന്നത് മൂലം സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല. മാത്രമല്ല ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുകയും ചെയ്യും. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌ക്കാരം നേടിയതുമായ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍ഗണന നല്‍കുമെന്നത് സ്വകാര്യ ഒ.ടി.ടി പ്ലാറ്റ് ഫോമുകളില്‍ നിന്ന് സി സ്‌പേസിനെ വ്യത്യസ്തമാക്കും.

ചിത്രാജ്ഞലി പാക്കേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചിത്രീകരിച്ച സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നും സര്‍ക്കാരിന്റെ ഒടിടിപ്ലാറ്റ് ഫോമിലേക്ക് സിനിമകള്‍ നല്‍കുന്നതിന് താല്‍പര്യം ക്ഷണിച്ച് കെ.എസ്.എഫ്.സി.സി കത്ത് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം 60 മുതല്‍ 70 വരെ ചലച്ചിത്രങ്ങളാണ് ചിത്രാജ്ഞലി പാക്കേജില്‍ ചിത്രീകരിക്കുന്നത്. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ കൈവശമുളള ദേശീയ, അന്തര്‍ദേശീയ, ഇന്ത്യന്‍ പനോരമ, ക്ലാസിക് ചിത്രങ്ങളുടെ പട്ടിക ശേഖരിച്ചുവരികയാണ്. നിയമ പ്രശ്‌നങ്ങളില്ലാത്തവ നിര്‍മാതാക്കളുടെ താല്‍പര്യം വാങ്ങിയശേഷം ഈ ചിത്രങ്ങള്‍ സി സ്‌പേസില്‍ അപ്ലോഡ് ചെയ്യും. കെ.എസ്.എഫ്.ഡി.സി വിവിധ വകുപ്പുകള്‍ക്കായി നിര്‍മിച്ച് നല്‍കിയ വീഡിയോകളും സി സ്‌പേസില്‍ ഉണ്ടായിരിക്കും. അടുത്ത അഞ്ച് മാസം കൊണ്ട് ഈ ചിത്രങ്ങളെല്ലാം ശേഖരിക്കും. ചുരുങ്ങിയത് 500 ചിത്രങ്ങളുമായാകും സി സ്‌പേസ് ഒടിടി ജനങ്ങളിലേക്ക് എത്തുക.

പൊതുജനങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സി സ്‌പേസ് ഒടിടി പ്ലാറ്റ്‌ഫോം ഡൗണ്‍ലോഡ് ചെയ്യാം. താല്‍പ്പര്യമുളള സിനിമ തിരഞ്ഞെടുത്ത് പണം അടച്ച് സിനിമ കാണാം. ഒരു തവണ പണം നല്‍കിയ സിനിമ നിശ്ചിത സമയംവരെ സൗജന്യമായി കാണാം. താത്പര്യമുള്ള സിനിമ ഇഷ്ടമുള്ള സമയത്ത് പ്രേക്ഷകര്‍ക്ക് കാണാം എന്നതാണ് സി സ്‌പേസിന്റെ ഗുണം. പഴയകാല ചിത്രങ്ങളും സി സ്‌പേസിന്റെ ഭാഗമാകും. സി സ്‌പേസ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ 1 മുതല്‍ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. സ്‌ക്രീനിങ് കമ്മറ്റിയുടെ അനുമതിക്ക് ശേഷമായിരിക്കും ഇവ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുക.

സിനിമക്ക് പ്രേക്ഷകര്‍ ഉള്ളിടത്തോളം സി സ്‌പേസ് ഒടിടിയിലെ ചിത്രങ്ങളുടെ നിര്‍മാതാവിന് നിശ്ചിത വരുമാനം ലഭിക്കും എന്നത് വലിയ പ്രത്യേകതയാണ്. സര്‍ക്കാരിന്റെ ഒടിടി പ്രാബല്യത്തില്‍ വരുന്നത് മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും സിനിമാ പ്രേമികളും.