സിനിമ തീയേറ്റർ തുറക്കുന്നത് – തീരുമാനങ്ങൾ മന്ത്രിതലയോഗത്തിൽ
കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കുന്നതിന് സംസ്ഥാന ഗവണ്മെന്റ് തീരുമാനിക്കുകയും അതിനായുള്ള നിബന്ധനകളും നിര്‍ദ്ദേശങ്ങളും തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍, പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്നും ചില അഭ്യര്‍ഥനകള്‍ ഉയര്‍ന്നു വരികയും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിയേറ്റർ സംഘടനാഭാരവാഹികളുമായി വെള്ളിയാഴ്ച (22-10-2021 ) ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഈ യോഗത്തിൽ ഉയര്‍ന്നുവന്ന അഭ്യര്‍ത്ഥനകളും നിര്‍ദ്ദേശങ്ങളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സംഘടനകൾ മുന്നോട്ട് വെച്ച എല്ലാ നിർദേശങ്ങളും സംബന്ധിച്ച് അനുഭാവപൂർവ്വമായ സമീപനമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ്വീകരിച്ചത്. ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ നാലുവകുപ്പുകളുമായി ബന്ധപ്പെട്ട് മാത്രമേ ഈ വിഷയങ്ങളില്‍ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ വകുപ്പ് മന്ത്രിമാരെക്കൂടെ പങ്കെടുപ്പിച്ചു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു യോഗം ചേരുവാൻ തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗം ഈ യോഗം നടത്തി സിനിമാവ്യവസായത്തെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരെയും സഹായിക്കുന്ന സമീപനം സ്വീകരിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ തീരുമാനങ്ങൾ മന്ത്രിതലയോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.