New Technology in Marine Fisheries; The drone will now find where the fish are in the sea

സമുദ്രമത്സ്യ മേഖലയിൽ പുത്തൻ സാങ്കേതികവിദ്യ; കടലിൽ മത്സ്യങ്ങൾ എവിടെയുണ്ടെന്ന് ഇനി ഡ്രോൺ കണ്ടെത്തും

സമുദ്രമത്സ്യ മേഖലയിൽ കാര്യക്ഷമത വർധിപ്പിക്കാൻ പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരളം. കടലിൽ മീനുകൾ എവിടെയുണ്ടെന്ന് കണ്ടെത്താൻ ഇനി ഡ്രോൺ സാങ്കേതിക വിദ്യ സഹായിക്കും. കടലിലെ കൂടു മത്സ്യകൃഷി, കടൽ സസ്തനികളുടെ നിരീക്ഷണം, ദുരന്ത നിവാരണം, അണ്ടർവാട്ടർ ഇമേജിങ്, ജലാശയ മാപ്പിംഗ് തുടങ്ങിയ മേഖലകളിൽ ഡ്രോണുകൾ ഫലപ്രദമായി ഉപയോ​ഗിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രാലയവും സിഎംഎഫ്ആർഐയും സംയുക്തമായി നടത്തുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി, മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തും.

ഡ്രോൺ സാങ്കേതികവിദ്യ സമയവും ചിലവും ലാഭിക്കുന്നതിനൊപ്പം കൂടുതൽ കൃത്യമായ ഫലങ്ങളും നൽകുന്നു. കടലിലെ കൂടുകളിൽ വളരുന്ന മീനുകളുടെ ആരോഗ്യം നിരീക്ഷിക്കുന്നത് മുതൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും ഡ്രോണുകൾ സഹായകമാകും. കൂടാതെ, ആൽഗകളുടെ വളർച്ചയും വ്യാപനവും നേരത്തെ കണ്ടെത്തുന്നതിലൂടെ കടൽ കൂടുകൃഷിക്ക് ഉണ്ടാകുന്ന നാശം തടയാനും ഡ്രോണുകൾ സഹായിക്കും.

മത്സ്യ ബന്ധന മേഖലയ്‌ക്ക് പുറമെ കാർഷിക മേഖലയിലും ഡ്രോൺ ഉപയോഗിക്കാം. പൊക്കാളി പാടങ്ങളിൽ വിത്ത് വിതക്കുന്നത് മുതൽ തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളുടെ നിരീക്ഷണം വരെ ഡ്രോണുകൾക്ക് സാധിക്കും. ദുരന്ത സമയത്ത് അടിയന്തിര സഹായം എത്തിക്കുന്നതിനും വേമ്പനാട് കായലിലെ ജലഗുണനിലവാരം വിലയിരുത്തുന്നതിനും ഡ്രോണുകൾ ഉപയോഗിക്കാം. ഏറ്റവും പ്രധാനമായി, കടലിൽ മീൻ കൂട്ടങ്ങൾ എവിടെയാണെന്ന് കണ്ടെത്തുന്നതിലൂടെ മത്സ്യബന്ധനം കൂടുതൽ എളുപ്പമാക്കാൻ ഡ്രോണുകൾ സഹായിക്കും.

ഈ പുതിയ സാങ്കേതികവിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രോണുകളുടെ ഉപയോഗം മത്സ്യബന്ധനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കും. കൂടാതെ, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും ഡ്രോണുകൾ സഹായിക്കും. മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരും ഈ പുതിയ സാങ്കേതികവിദ്യയെ സ്വീകരിക്കുകയും അതിന്റെ പരമാവധി പ്രയോജനം ഉപയോഗിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.