സഖി ഡോർമെറ്ററി : സ്ത്രീകൾക്കായി സ്ത്രീ സൗഹൃദ താമസയിടമൊരുക്കി കെഎസ്എഫ്ഡിസി
സ്ത്രീകൾക്ക് സുരക്ഷിതവും മികവുറ്റതുമായ താമസസൗകര്യം ഉറപ്പാക്കാൻ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സിൽ ‘സഖി ഡോർമെറ്ററി’ പദ്ധതിയ്ക്ക് തുടക്കമിട്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി). വിവിധ ആവിശ്യങ്ങൾക്കുള്ള യാത്രകൾക്കായിയെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗഹൃദപരമായ അന്തരീക്ഷത്തിലുള്ളതുമായ സൗഹൃദ താമസസ്ഥലങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഡിസി ഡോർമെറ്ററി സൗകര്യം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രവും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നയിടം എന്ന പ്രത്യേകതയുമുള്ള തിരുവനന്തപുരം റെയിൽവെ സ്റ്റേഷന്റെയും ബസ് ടെർമിലിന്റെയും സമീപത്തുള്ള തിയേറ്റർ കോംപ്ലക്‌സിലാണ് ഡോർമിറ്ററി ഒരുക്കിയിരിക്കുന്നത്.
24 മണിക്കൂർ ചെക്കൗട്ട് വ്യവസ്ഥയിൽ ‘സഖി’ യിൽ 500 രൂപയും ജിഎസ്ടിയും എന്ന നിരക്കിൽ താമസസൗകര്യം ലഭിക്കും. എയർ കണ്ടീഷൻഡ് ആയ ഡോർമറ്ററിയിൽ 12 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രീ വൈഫൈ, ലാന്റ് ഫോൺ ഫെസിലിറ്റി, അറ്റാച്ച്ഡ് വാഷ് റൂമുകൾ, ബെഡ് ഷീറ്റ്, ടൗവൽ, സോപ്പ്, കുടിവെള്ളം, കോമൺ ഡ്രസ്സിങ് റൂം, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനേറ്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ ടൂ വീലർ, ഫോർ വീലർ പാർക്കിങ് സൗകര്യം, സെക്യൂരിറ്റി, ലോക്കർ ഫെസിലിറ്റി എന്നിവയും സഖിയുടെ മറ്റ് സവിശേഷതകളാണ്.
കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ‘സേഫ് സ്റ്റേ’യുടെ ഭാഗമായി തയാറാക്കിയ പോർട്ടൽ safestaykswdc.com/sakhiksfdc . വഴി ഡോർമെറ്ററി ബുക്ക് ചെയ്യാം. സഖി മാതൃകയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ 15 തിയേറ്റർ സമുച്ചയങ്ങളിലും സ്ത്രീ സൗഹൃദ താമസ സൗകര്യങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ട്.