*മികച്ച സീരിയൽ ആൺപിറന്നോൾ
*അനൂപ് കൃഷ്ണൻ മികച്ച നടൻ, റിയ കുര്യാക്കോസും മറിയം ഷാനൂബും മികച്ച നടിമാർ
2023 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ആൺപിറന്നോൾ ആണ് മികച്ച ടെലി സീരിയൽ. ശിവമോഹൻ തമ്പി സംവിധാനവും അരുൺരാജ് ആർ നിർമാണവും നിർവഹിച്ച ആൺപിറന്നോളിന് തിരക്കഥ എഴുതിയത് ഗണേഷ് ഓലിയക്കരയാണ്. ട്രാൻസ്‌ജെൻഡറുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ആൺപിറന്നോൾ അവതരിപ്പിച്ചത്. സു.സു.സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്തെ ടെലി സീരിയൽ. രാജേഷ് തലച്ചിറ സംവിധാനവും ഫ്ലവേഴ്‌സ് ടിവി നിർമാണവും നിർവഹിച്ച സു.സു.സുരഭിയും സുഹാസിനിയും കുടുംബ പശ്ചാത്തലത്തിൽ കാലികമായ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ദ്വയാർത്ഥപ്രയോഗങ്ങൾ ഇല്ലാതെ സമൂഹത്തിന് നല്ല സന്ദേശങ്ങൾ പകരുന്ന പരമ്പരയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
കേരള വിഷനിൽ സംപ്രേഷണം ചെയ്ത കൺമഷിയാണ് 20 മിനിറ്റിൽ താഴെയുള്ള മികച്ച ടെലിഫിലിം. അനൂപ് കൃഷ്ണൻ സംവിധാനവും തിരക്കഥയും നിർവഹിച്ച കൺമഷിയുടെ നിർമാണം അഞ്ജലി കല്ലേങ്ങാട്ടാണ്. തെയ്യം എന്ന അനുഷ്ഠാന കലയുടെ പശ്ചാത്തലത്തിൽ പ്രണയവും പ്രതികാരവും തികഞ്ഞ സാങ്കേതിക മികവോടെ അവതരിപ്പിച്ചതായി ജൂറി അഭിപ്രായപ്പെട്ടു. ഷാനൂബ് കരുവത്ത് നിർമാണവും തിരക്കഥയും നിർവഹിച്ച് മറിയം ഷാനൂബ് സംവിധാനം ചെയ്ത ലില്ലി 20 മിനിറ്റിൽ കൂടിയ മികച്ച ടെലിഫിലിമായി. സ്ഥിരതയില്ലാത്ത ജോലിയുമായി കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ സഹനങ്ങളിലൂടെ ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പുതുതലമുറയുടെ പരിഛേദം അവതരിപ്പിച്ച പ്രമേയ മികവിനാണ് അവാർഡെന്ന് ജൂറി അഭിപ്രായപ്പെട്ടു. ആൺപിറന്നോളിന്റെ കഥാകൃത്തായ ഗംഗ ടെലി സീരിയൽ/ ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്തായി. ഒരു പെൺകുട്ടിയിൽ നിന്ന് ആൺകുട്ടിയിലേക്കുള്ള പരിണാമത്തിന്റെ ആത്മസംഘർഷങ്ങളാണ് ഗംഗ ആവിഷ്ക്കരിച്ചത്. എന്റർട്ടെയിൻമെന്റ് വിഭാഗത്തിലെ മികച്ച ടി വി ഷോ ആയി മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കിടിലം തെരഞ്ഞെടുത്തു. എംഎം ടിവി ലിമിറ്റഡ് നിർമിച്ച കിടിലം പരിപാടി കേരളത്തിനകത്തും പുറത്തുമുള്ള അസാധാരണ കഴിവുകളുള്ള പ്രതിഭകളെ കണ്ടെത്തി ഉന്നത സാങ്കേതിക മിഴിവോടെ അവതരിപ്പിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു ചിരി ഇരു ചിരി ബംബർ ചിരി (സീസൺ 2) മികച്ച കോമഡി പ്രോഗ്രാമായി. എം.എം ടി വി ലിമിറ്റഡ് നിർമാണവും രഞ്ജിത്ത് ആർ നായർ സംവിധാനവും നിർവഹിച്ച ഒരു ചിരി ഇരു ചിരി ബംബർ ചിരി പുതിയ കലാകാരന്മാർക്ക് അവസരം നൽകിക്കൊണ്ട് ദ്വയാർഥ പ്രയോഗങ്ങൾ, ശാരീരിക അധിക്ഷേപം എന്നിവ ഇല്ലാത്ത നർമ മുഹൂർത്തങ്ങൾ സൃഷ്ടിച്ചതായി ജൂറി അഭിപ്രായപ്പെട്ടു. ഫ്ലവേഴ്‌സ് ടി വി സംപ്രേഷണം ചെയ്ത അമ്മേ ഭഗവതിയിലെ ശബ്ദലേഖനത്തിന് നന്ദകുമാർ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് നേടി. വിവിധ പ്രതിസന്ധികളിലൂടെ കടന്ന് പേകുന്ന പൂജാരി എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെ സന്നിവേശിപ്പിച്ചതിനാണ് പുരസ്കാരം. പാർവതി എസ് പ്രകാശാണ് വനിതാ വിഭാഗത്തിലെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്. ആൺപിറന്നോളിലെ അപൂർവ എന്ന പെൺകുട്ടിയുടെ സ്വരഭേദത്തിനാണ് പുരസ്കാരം. ടെലി സീരിയൽ/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെ തെരഞ്ഞെടുത്തു. കൺമഷിയിലെ അഭിനയത്തിനും സംവിധാന മികവിനുമാണ് പുരസ്കാരം. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായി. ടെലിഫിലിം വിഭാഗത്തിൽ ആൺപിറന്നോളിലെ അഭിനയത്തിന് റിയ കുര്യാക്കോസും ലില്ലിയിലെ അഭിനയത്തിന് മറിയം ഷാനൂബും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സു.സു.സുരഭിയും സുഹാസിനിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് അനുക്കുട്ടിക്ക് ലഭിച്ചു. ശാലോം ടിവി അവതരിപ്പിച്ച മധുരം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആദിത് ദേവ് മികച്ച ബാലതാരമായി. കണ്മഷിയുടെ ഛായാഗ്രഹണം നിർവഹിച്ച ശിഹാബ് ഓങ്ങല്ലൂർ മികച്ച ഛായാഗ്രാഹകനായി. ലാസ്റ്റ് സപ്പർ എന്ന ടെലി ഫിലിമിന്റെ എഡിറ്റിങ് മികവിന് വിഷു എസ് പരമേശ്വർ മികച്ച ദൃശ്യസംയോജകനുള്ള അവാർഡ് നേടി. വിഷ്ണു ശിവശങ്കറാണ് മികച്ച സംഗീത സംവിധായകൻ. കണ്മഷിയിലെ സംഗീതസംവിധാനത്തിനാണ് വിഷ്ണുവിന് അവാർഡ്. സിൻസ് ഫോർഎവർ എന്ന പരിപാടിയിലൂടെ നംഷാദ് എസ് മികച്ച ശബ്ദലേഖകനുള്ള അവാർഡിന് അർഹനായി. ലില്ലിയുടെ കലാസംവിധാനം നിർവഹിച്ച മറിയം ഷാനൂബാണ് മികച്ച കലാ സംവിധായിക. മീഡിയ വൺ ടിവി നിർമിച്ച് സി എം ഷെരീഫ് സംവിധാനം ചെയ്ത കുടകിലെ കുഴിമാടങ്ങളാണ് മികച്ച ജനറൽ വിഭാഗം ഡോക്യുമെന്ററി. വയനാട്ടിൽ നിന്ന് കുടകിലേക്ക് തൊഴിൽ തേടി പോകുന്ന ആദിവാസി വിഭാഗക്കാരുടെ തിരോധാനവും അസ്വാഭാവിക മരണവുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. മനോരമ ന്യൂസ് നിർമിച്ച് മിഥുൻ സുധാകരൻ സംവിധാനം ചെയ്ത ഉറവ സയൻസ് ആൻഡ് എൻവിയോൺമെന്റ് വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടി. സ്വാഭാവിക നീരുറവുകളുടെ സംരക്ഷണത്തിന് വയനാട്ടിലെ ഗോത്രജനത പരിപാലിച്ചുപോരുന്ന കേണി എന്ന ശാസ്ത്രീയ മാതൃക ലോകത്തിന് മുന്നിൽ ഡോക്യുമെന്ററി അവതരിപ്പിക്കുന്നു. സാജ് വിശ്വനാഥൻ നിർമിച്ച് ജയരാജ് പുതുമഠം സംവിധാനം ചെയ്ത പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി ബയോഗ്രഫി വിഭാഗത്തിലുള്ള മികച്ച ഡോക്യുമെന്ററിയായി. ക്ഷേമാവതി ടീച്ചറുടെ ജീവിതവും പ്രവർത്തനങ്ങളും കലാത്മകമായി ആവിഷ്ക്കരിക്കുകയാണ് ഡോക്യുമെന്ററി. വിമൻ ആൻഡ് ചിൽഡ്രൻ വിഭാഗത്തിൽ ഷഫീഖാൻ എസ് സംവിധാനം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് നിർമിച്ച് സംപ്രേഷണം ചെയ്ത ടോപ് ഗിയറും (സുജയുടെ ജീവിത യാത്രകൾ), അപർണ പ്രഭാകർ സംവിധാനം ചെയ്ത് സന്തോഷ് ബമ്മാഞ്ചേരി നിർമിച്ച് ഭഗവത് ടെലിവിഷൻ സംപ്രേഷണം ചെയ്ത കിണറാഴങ്ങളിൽ ഒരു കുഞ്ഞുപെണ്ണും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടി.
സയൻസ് ടോക്ക്: പാതാളത്തവള: കേരളത്തിൽനിന്ന് നൂറ്റാണ്ടിലെ കണ്ടുപിടിത്തം മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാമിനുള്ള അവാർഡ് നേടി. ശാസ്ത്രവിവരങ്ങൾ അന്വേഷണാത്മകമായി അവതരിപ്പിച്ച പരിപാടിയുടെ നിർമാണം ഏഷ്യാനെറ്റ് ന്യൂസും സംവിധാനം ശാലിനി എസും ആണ്. കൈറ്റ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്ത വി ദ പീപ്പിൾ പരിപാടിയുടെ അവതാരക അഡ്വ. അമൃത സതീശൻ മികച്ച ആങ്കർക്കുള്ള അവാർഡ് നേടി. ഷൈനി ജേക്കബ് ബെഞ്ചമിൻ മികച്ച ഡോക്യുമെന്ററി സംവിധായികയ്ക്കുള്ള അവാർഡിന് അർഹയായി. വി വിൽ നോട്ട് ബി അഫ്രൈഡ് എന്ന ഡോക്യുമെന്ററിയാണ് ഷൈനിയെ പുരസ്ക്കാരത്തിന് അർഹയാക്കിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത നിസ്സഹായനായ കുട്ടി അയ്യപ്പൻ എന്ന പരിപാടിയുടെ ക്യാമറാമാൻ അജീഷ് എ മികച്ച ന്യൂസ് ക്യാമറാമാനുള്ള അവാർഡ് നേടി. ട്വന്റി ഫോർ ന്യൂസിലെ പ്രഭാതവാർത്തകൾ പരിപാടിയുടെ അവതാരകൻ പ്രജിൻ സി കണ്ണനാണ് മികച്ച വാർത്താ അവതാരകൻ. വാർത്തേതര പരിപാടിയുടെ അവതാരകനുള്ള അവാർഡിന് ട്വന്റി ഫോർ ന്യൂസിലെ അരസിയൽ ഗലാട്ട പരിപാടി അവതരിപ്പിച്ച അരവിന്ദ് വി അർഹനായി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഊരിൽ ഒരു ഓണക്കാലത്ത് എന്ന പരിപാടിയുടെ കമന്ററി നിർവഹിച്ച നൗഷാദ് എ മികച്ച കമന്റേറ്റർക്കുള്ള അവാർഡിന് അർഹനായി. കറന്റ് അഫയേഴ്‌സ് വിഭാഗത്തിലെ മികച്ച ആങ്കർക്കുള്ള അവാർഡ് എം എസ് ബനേഷ് നേടി. കേരള വിഷൻ ന്യൂസ് സംപ്രേഷണം ചെയ്ത ട്രൂകോളർ, വ്യൂവേഴ്സ് അവർ എന്ന പരിപാടിയാണ് ബനേഷിനെ അവാർഡിന് അർഹനാക്കിയത്. മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള അവാർഡ് കെ മുഹമ്മദ് ഷംസീറിനാണ്. മീഡിയാവൺ ടിവി സംപ്രേഷണം ചെയ്ത പ്രസവാവധി തട്ടിപ്പ് എന്ന വാർത്തയാണ് അവാർഡിന് അർഹനാക്കിയത്. കറന്റ് അഫയേഴ്‌സ് വിഭാഗത്തിലുള്ള മികച്ച ടിവി ഷോയ്ക്കുള്ള അവാർഡ് മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പെൺതാരം കരസ്ഥമാക്കി. കാർത്തിക തമ്പാനാണ് പരിപാടിയുടെ നിർമാണം നിർവഹിച്ചത്. ശാലോം ടി വി സംപ്രേഷണം ചെയ്ത മാർട്ടിന എഫ്.ടി.സി.എൽ (പ്രിൻസസ് ഓഫ് വയലിൻ) മികച്ച കുട്ടികളുടെ പരിപാടിക്കുള്ള അവാർഡ് നേടി. പ്രിൻസ് അശോകാണ് പരിപാടിയുടെ സംവിധായകൻ. ഡോക്യുമെന്ററി ജനറൽ വിഭാഗത്തിൽ ലജന്റ്സ് (കലാമണ്ഡലം ഗോപി) സംവിധാനം ചെയ്ത എം ജി അനീഷ്, സയൻസ് ആൻഡ് എൻവിയോൺമെന്റ് വിഭാഗത്തിൽ പ്ലാവ്: അത്ഭുത ഫലം തരുന്ന കല്പവൃക്ഷം സംവിധാനം ചെയ്ത ആർ എസ് പ്രദീപ്, ബയോഗ്രഫി വിഭാഗത്തിൽ അഭ്രപാളികളിലെ മധുരം സംവിധാനം ചെയ്ത പുഷ്പൻ ദിവാകരൻ, വാർത്തേതര പരിപാടികളുടെ ആങ്കറായ ജീവേഷ് വർഗീസ്, അഭിമുഖ വിഭാഗത്തിൽ അരുൺകുമാർ കെ, വിദ്യാഭ്യാസ പരിപാടിയുടെ അവതരണ വിഭാഗത്തിൽ അദ്വൈത് എസ് എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
രചനാ വിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള അവാർഡിന് ടെലിവിഷൻ ആചാരങ്ങളും ഡിജിറ്റൽ ചായക്കടകളും എന്ന ലേഖനത്തിലൂടെ ഡോ. വി മോഹനകൃഷ്ണൻ അർഹനായി. ടെലിവിഷൻ: കാഴ്ച, നിർമ്മിതി എന്ന പുസ്തകത്തിന്റെ രചനയ്ക്ക് രാജേഷ് കെ എരുമേലിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.