വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിന് 271 കോടി രുപയുടെ പദ്ധതി
വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിനായി 271 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമ്മാണവും CWPRS സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി നിർവ്വഹിക്കും.
മത്സ്യബന്ധനത്തിനായി പരമ്പരാഗത വള്ളങ്ങളാണ് വിഴിഞ്ഞം പ്രദേശത്ത് കൂടുതലായി ഉപയോഗിച്ച് വരുന്നത്. വിഴിഞ്ഞം തെക്ക് മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം എന്നിവിടങ്ങളിലായി നിലവില്‍ 2800 ലേറെ യാനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുന്ന ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ താരതമ്യേനെ സുരക്ഷിതമായി ലാന്‍ഡിംഗ് നടത്താന്‍ കഴിയുന്ന വിഴിഞ്ഞത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാനങ്ങള്‍ എത്തിച്ചേരുന്നതോടെ എണ്ണം പതിനായിരം കവിയും. ഇത്രയേറെ യാനങ്ങള്‍ക്ക് മത്സ്യം ഇറക്കുന്നതിനും ബര്‍ത്ത് ചെയ്യുന്നതിനുമുള്ള സൗകര്യം വിഴിഞ്ഞത്തില്ല. മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തോടെ ഇതിന് പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൺസെഷനയർ (AVPPL) മുഖേന 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടര്‍, 500 നീളമുള്ള ബര്‍ത്ത് , മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ച് പാക്കേജ് 1 ആയി നടപ്പിലാക്കും. നിലവിലുള്ള ഫിഷിംഗ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചിലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും. എത്രയും വേഗം പ്രവൃത്തി ആരംഭിച്ച് പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.