ലഹരിവിമുക്ത തീരം പദ്ധതി സംസ്ഥാന തലത്തിൽ ശംഖുമുഖത്ത് ആരംഭിച്ചു
ലഹരി ഉപയോഗം പുതുതലമുറയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ അതിനെ നേരിടാൻ സാധിക്കുള്ളൂ. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീരപ്രദേശം ലഹരിമുക്തമാക്കാൻ ആരംഭിച്ച ലഹരിവിമുക്ത തീരം പദ്ധതി സംസ്ഥാന തലത്തിൽ ശംഖുമുഖത്ത് ആരംഭിച്ചു. യുവാക്കളിലും കുട്ടികളിലും ലഹരിവസ്തുക്കളുടെ ദുരുപയോഗ പ്രവണത ഭയപ്പെടുത്തുന്ന ഒന്നാണ്. ഇവയെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മയക്കുമരുന്നെന്ന വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകേണ്ടതുണ്ട്. ലഹരി വസ്തുക്കളുടെ കടന്നുകയറ്റവും വ്യാപനവും ഉപയോഗവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തീരോന്നതി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതി ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡാണ് പ്രധാന നിർവഹണ ഏജൻസി. 9 തീരദേശ ജില്ലകളിലാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടി സംഘടിപ്പിക്കുന്നത്. ബോധവൽക്കരണം, സ്കൂൾ കേന്ദ്രീകരിച്ചുളള പരിപാടികൾ, സ്പോർട്സ് ടൂർണമെന്റുകൾ , ഡി അഡിക്ഷൻ ട്രീറ്റ്മെന്റ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.