Munaykkadavu Fish Landing Center will change its face - Minister Saji Cherian

 

ചാവക്കാട്, മുനയ്ക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ മുഖം മാറ്റുന്ന വികസന നടപടികള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. തീരദേശ മേഖലയുടെ വികസനം ലക്ഷ്യമിട്ട് തൃശൂരില്‍ നടത്തിയ തീരദേശ യാത്രയുടെ ഭാഗമായി ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ചേറ്റുവ ഹാര്‍ബര്‍, മുനയ്ക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്റര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിലെ ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആയിരത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ചാവക്കാട്, മുനയ്ക്കക്കടവ് തീരമേഖലയില്‍ പകുതിയിലധികം ജനങ്ങളുടെയും ഉപജീവനമാര്‍ഗം
ഫിഷ് ലാന്‍ഡിങ് സെന്ററുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ 30 വര്‍ഷമായി മാറ്റങ്ങളില്ലാതെ തുടരുന്ന ഫിഷ് ലാന്‍ഡിങ് സെന്ററിനെ ഹാര്‍ബര്‍ ആക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിക്ക് നിവേദനം നല്‍കി. ചേറ്റുവ ഹാര്‍ബറിലെ അഴിമുഖത്ത് മണല്‍തിട്ട ഉയരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തടയിടുന്നതിന് ഡ്രഡ്ജിങ് നടത്തണമെന്നും, കൂടാതെ വാര്‍ഫ് സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ചേറ്റുവ അഴിമുഖത്തോട് ചേര്‍ന്ന് നിലവില്‍ രണ്ട് വാര്‍ഫുകളാണുള്ളത്. കപ്പലുകള്‍ കരയോട് അടുപ്പിക്കുന്നതിന് ആവശ്യമായ വാര്‍ഫ് കൂടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിവേദനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്‍ കെ അക്ബര്‍ എംഎല്‍എ, കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി കെ ബഷീര്‍, ഹാര്‍ബര്‍ ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ ജോസ്, ജോയിന്റ് ഡയറക്ടര്‍ എം എസ് സാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജാ ജോസ്, അഡീഷണല്‍ ഡയറക്ടര്‍ ജയന്തി, ഹാര്‍ബര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എം കെ സജീവന്‍, മെമ്പര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, ഫിഷറീസ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.