Mannar, Chengannur, Aranmula Heritage and Cultural Tourism Project soon

പമ്പാനദിയോരത്തെ പൈതൃക ഗ്രാമങ്ങളായ മാന്നാർ, ചെങ്ങന്നൂർ, ആറന്മുള കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ നിർവഹണം ആറു മാസത്തിനുള്ളിൽ  ആരംഭിക്കും .  
നിലവിൽ  തയ്യാറാക്കിയിട്ടുള്ള  കോൺസെപ്റ്റ് നോട്ട് കൂടുതൽ വിപുലീകരിച്ച് പദ്ധതി രൂപരേഖ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതാണ്. ഈ രൂപരേഖ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ എത്രയും വേഗം നടത്തും.

ടൂറിസം വികസന പദ്ധതിയായല്ല നാടിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്ന സ്വയംപര്യാപ്തമായ ജനകീയ പദ്ധതിയായാണ് വിഭാവനം  ചെയ്യുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സുസ്ഥിര വളർച്ച ഉറപ്പാക്കിയും ജനങ്ങൾ സ്വയം ഏറ്റെടുത്തുള്ള പദ്ധതി നിർവഹണമാണ് ഉദ്ദേശിക്കുന്നത്.

കുട്ടമ്പേരൂർപുഴ പമ്പയാറിന്റേയും ഉൾപ്പെടെയുള്ള സമീപത്തെ ജലസ്രോതസ്സുകളുടേയും സംരക്ഷണവും മാന്നാർ, ചെങ്ങന്നൂർ, കല്ലിശ്ശേരി, ആറന്മുള കരകൗശല പെരുമയുടെ പരിപോഷണവും പദ്ധതി ലക്ഷ്യമിടുന്നു. ചരിത്ര പ്രധാനവും പുരാതന തുറമുഖകേന്ദ്രമായ നിരണത്തിനു സമീപമുള്ള “നാക്കട” പ്രദേശത്തിന്റെ ഭൂതകാല പ്രൗഢിയെ സാക്ഷ്യപ്പെടുത്തുന്നു. മുസിരിസ് പൈതൃക പദ്ധതി, വയനാട് കൾച്ചറൽ ഹെറിട്ടേജ് പദ്ധതി തുടങ്ങിയവക്ക് സമാനമായ രീതിയിൽ നിർദ്ദിഷ്ട പദ്ധതി യാഥാർഥ്യമാക്കാൻ കഴിയും. പുരാതന കവി ശക്തിഭദ്രനേയും കണ്ണശ്ശകവികളേയും തിരുനിഴൽമാലാ കർത്താവ് ഗോവിന്ദനേയും ചെങ്ങന്നൂർ ആദിയേയും മൂലൂരിനേയും കവയിത്രി സുഗതകുമാരിയേയും സ്മരിച്ചുകൊണ്ടാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കുക. ഒരു പൈതൃക സംരക്ഷണ പദ്ധതിയായി നടപ്പിലാക്കുന്നതിന് കൂടുതൽ വിശദാംശങ്ങളും ചരിത്ര സാക്ഷ്യങ്ങളും കണ്ടെത്താൻ ഗവേഷണ ഡെസ്ക് പ്രവർത്തിക്കും. അതുവഴി കൂടുതൽ വിവരശേഖരണം  നടത്തും.