മത്സ്യബന്ധന എഞ്ചിനുകളിലെ എല്‍.പി.ജി ഇന്ധനപരീക്ഷണം ശുഭപ്രതീക്ഷയേകുന്നത് : മന്ത്രി സജി ചെറിയാന്‍
പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിലെ എഞ്ചിന്‍ ഇന്ധനം മണ്ണെണ്ണയില്‍ നിന്നും എല്‍.പി.ജി യിലേക്ക് മാറ്റുന്ന പരീക്ഷണം ശുഭപ്രതീക്ഷയേകുന്നതാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. യാനങ്ങളില്‍ എല്‍.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായി നടത്തിയ ആദ്യ പരീക്ഷണം വിഴിഞ്ഞത്ത് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തികപരമായി നേട്ടമുണ്ടാകുന്നതും പരിസ്ഥിതി മലിനീകരണം കുറഞ്ഞതുമായ ഇന്ധനമാണ് എല്‍.പി.ജി എന്ന് പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച പരിവര്‍ത്തനം സി.ഓ.ഒ റോയ് നാഗേന്ദ്രന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി സഹകരിച്ചാണ് പരീക്ഷണം. പരമ്പരാഗത യാനങ്ങളില്‍ ഉപയോഗിക്കുന്ന 10 എച്ച്.പി ശേഷിയുള്ള എഞ്ചിനുകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ 6 മുതല്‍ 10 ലിറ്റര്‍ വരെ മണ്ണെണ്ണ വേണം. ഇവയില്‍ തന്നെ 20 ശതമാനത്തോളം ഇന്ധനം കടലില്‍ നേരിട്ട് കലരുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ എല്‍.പി.ജി ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ 2.5 കിലോഗ്രാം മാത്രമേ ഒരു മണിക്കൂറിന് വേണ്ടി വരുന്നുള്ളൂ. ഇന്ധനങ്ങളുടെ വില താരതമ്യം ചെയ്യുമ്പോള്‍ വലിയ സാമ്പത്തികനേട്ടം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകും . ഒന്നിലധികം എഞ്ചിനുകള്‍ക്ക് ഒരു എല്‍.പി.ജി കിറ്റില്‍ നിന്നും കണക്ഷന്‍ നല്‍കുവാനും സാധിക്കും. പരിസ്ഥിതി മലിനീകരണം തുലോം കുറവാണു എന്നത് മറ്റൊരു നേട്ടവുമാണ്. അടുത്ത ഘട്ടമായി സി.എന്‍.ജി ഉപയോഗിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ചീഫ് ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് എം.പി രതീഷ് കുമാര്‍, സൗത്ത് സോണ്‍ ചീഫ് ജനറല്‍ മാനേജര്‍ വി.എസ് ചക്രവര്‍ത്തി, ചീഫ് റീജിയണല്‍ മാനേജര്‍ സുനില്‍കുമാര്‍, അമല്‍ ദേവരാജ് എന്നിവര്‍ പങ്കെടുത്തു.