മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ചുകൊണ്ട് യാഥാർത്ഥ്യമാക്കിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തുറമുഖ നിർമ്മാണം മൂലം ജീവനോപാധി നഷ്ടപ്പെടുന്ന പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനും ജീവനോപാധി നഷ്ടപരിഹാരം നൽകുന്നതിനുമായി സർക്കാർ ഏറ്റവും വലിയ പരിഗണനയാണ് നൽകിയത്. കട്ടമര ചിപ്പി തൊഴിലാളികൾക്ക് ആജീവനാന്ത നഷ്ടപരിഹാരമായി ഒരാൾക്ക് 12.5 ലക്ഷം രൂപയും കര ചിപ്പി തൊഴിലാളികൾക്ക് 2 ലക്ഷം രൂപയും ചിപ്പി കച്ചവടക്കാർക്ക് 1 ലക്ഷം രൂപയും വീതം 263 പേർക്ക് ആകെ 12.38 കോടി രൂപ ഇതിനകം നൽകി. കരമടിത്തൊഴിലാളികൾക്ക് ആജീവനാന്ത നഷ്ടപരിഹാരമായി 1098 പേർക്ക് 60.5 കോടി രൂപ നൽകി. കട്ടമരത്തൊഴിലാളികൾക്ക് നഷ്ടപരിഹാരമായി ആളൊന്നിന് 4.2 ലക്ഷം രൂപ വീതം 99 പേർക്ക് 4.16 കോടി രൂപ നൽകി. കരമടി അനുബന്ധ സ്ത്രീ ചുമട്ടുതൊഴിലാളികൾക്ക് നഷ്ടപരിഹാരമായി ആളൊന്നിന് ഒരു ലക്ഷം രൂപ വീതം 16 പേർക്ക് 16 ലക്ഷം രൂപ നൽകി. റിസോർട്ട് തൊഴിലാളികളായ 226 പേർക്ക് 6.46 കോടി രൂപ നൽകി. പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിൽ 8.56 കോടി രൂപയാണ്‌ പുനഃരധിവാസത്തിനായി കണക്കാക്കിയിരുന്നത്‌ എന്നാൽ, നാളിതുവരെ 115.97 കോടി രൂപ ജീവനോപാധി നഷ്ടപരിഹാരമായി സർക്കാർ വിതരണം ചെയ്ത് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ജീവനോപാധി നഷ്ടപരിഹാരം ഉറപ്പുവരുത്തിയതിനു പുറമേ ഒട്ടേറെ സാമൂഹ്യ വികസന പ്രവർത്തനങ്ങളാണ് പദ്ധതിപ്രദേശത്തും പരിസരപ്രദേശങ്ങളിലുമായി നടത്തിയത്. പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനും പുനരധിവാസ ക്ഷേമ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റിയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് കമ്മറ്റിയും രൂപീകരിച്ചു. വിഴിഞ്ഞം സൗത്ത്, വിഴിഞ്ഞം നോർത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിലെ 1221 മത്സ്യത്തൊഴിലാളികൾക്ക് പുലിമുട്ട് നിർമ്മാണ കാലയളവിൽ 31.57 കോടി രൂപയുടെ മണ്ണെണ്ണ വിതരണം ചെയ്തു. മത്സ്യ ലഭ്യത വർദ്ധിപ്പിക്കുന്നതിന് പ്രദേശത്തെ 8 മത്സ്യഗ്രാമങ്ങളിലെ തീരക്കടലിൽ നിലവിലുള്ള പ്രകൃതിദത്ത പാരുകൾക്ക് സമീപം കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിക്കന്നതിനായി 3.75 കോടി രൂപ കൃത്രിമപ്പാരുകൾ നിക്ഷേപിച്ചു. 1.18 കോടി രൂപ ചെലവിൽ ഗംഗയാർ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി നടപ്പിലാക്കി. ഖര മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. 8 കോടി രൂപ ചെലവിൽ നിലവിലെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിനെ (CHC) യെ 80 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയർത്തുന്നതിനായുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. വിവിധ തൊഴിലുകളിൽ തൊഴിലന്വേഷകരുടെ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ASAP ന്റെ നൈപുണ്യ പരിശീലന കേന്ദ്രം കോട്ടപ്പുറത്ത് സ്ഥാപിച്ചു. തദ്ദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പരമാവധി പ്രയോജനവും തൊഴിലും ലഭ്യമാകുന്ന രീതിയിൽ കോട്ടപ്പുറത്ത് ഒരു സീഫുഡ് പാർക്ക് സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. തുറമുഖ പദ്ധതിയ്ക്കായി 7.3 കോടി രൂപ ചെലവിൽ നിർമ്മിച്ച 3.3 ദശ ലക്ഷം ലിറ്ററിന്റെ പ്ലാന്റിൽ നിന്നുള്ള കുടിവെള്ളം പദ്ധതി പ്രദേശത്ത് വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേ പദ്ധതി പ്രദേശത്തെ ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിനായി കോട്ടപ്പുറം പ്രദേശത്ത് 1.74 കോടി രൂപയുടെ പദ്ധതി പ്രകാരം ആയിരത്തോളം കുടിവെള്ള പൈപ്പ് കണക്ഷനുകൾ നൽകി. വിഴിഞ്ഞം ഗവ. എച്ച്. എ. എൽ. പി. സ്കൂൾ വികസനത്തിന് ഹാർബർ എഞ്ചിനീയിറിംഗ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലം വിട്ട് നൽകി. കോട്ടപ്പുറത്ത് 1.75 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കളിസ്ഥലം സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന നിർമ്മാണം ആരംഭിച്ചു.

വിഴിഞ്ഞം ഫിഷിംഗ് ഹാർബർ നവീകരിക്കുന്നതിന് തയ്യാറാക്കിയ 48 കോടി രൂപയുടെ പദ്ധതി രുപരേഖയും വിഴിഞ്ഞം സൗത്ത് ഫിഷ് ലാന്റിംഗ് സെന്റർ നവീകരിക്കുന്നതിന് തയ്യാറാക്കിയ 25 കോടി രൂപയുടെ പദ്ധതി രുപരേഖയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കാനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായി മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി നിർമ്മിച്ചിട്ടുളള പുലിമുട്ടിനോട് ചേർന്നും നിലവിലുളള വിഴിഞ്ഞം ഫിഷിംഗ് ഹാർബറിന്റെ സീവേഡ് പുലിമുട്ടും ലീവേഡ് പുലിമുട്ടും പ്രയോജനപ്പെടുത്തി ഏകദേശം 250 കോടി രൂപ ചെലവിൽ ഒരു പുതിയ ഫിഷിംഗ് ഹാർബർ വലിയ കടപ്പുറം ഭാഗത്ത് നിർമ്മിച്ച് നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. വിഴിഞ്ഞം തെക്ക് മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം എന്നിവിടങ്ങളിൽ പരമ്പരാഗത യാനങ്ങൾ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുന്നതിനായി ഡ്രഡ്ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ച് തീരം പുന:സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളെയും പ്രദേശവാസികളെയും വിശ്വാസത്തിലെടുത്തും ചേർത്തുപിടിച്ചുമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടം സുഗമമായി പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.