പൈതൃകോൽസവത്തിന് തിരിതെളിഞ്ഞു: തലസ്ഥാനനഗരിയിൽ വാസ്തുവിദ്യാ വിജ്ഞാനത്തിന്റെ മൂന്നു നാളുകൾ
കേരളത്തിന്റെ തനത് പരമ്പരാഗത ചുമർ ചിത്രകലയെയും വാസ്തുശില്പ പൈതൃകത്തെയും സംരക്ഷിച്ച് പ്രചരിപ്പിക്കുന്ന കർമപദ്ധതിയുടെ ഭാഗമായി സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൈതൃകോത്സവം- 2023 ദേശീയ സെമിനാര് ആരംഭിച്ചു.
കേരളത്തിന്റെ പൈതൃകത്തെ ചേർത്തുപിടിച്ച് നമ്മുടെ അഭിമാനമായ സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം. വാസ്തുവിദ്യയെ ശാസ്ത്രീയമായി സമീപിക്കുക എന്ന മഹത്തായ കാര്യമാണ് ഈ സ്ഥാപനം ചെയ്യുന്നത്. സർക്കാരിന്റെ പണം വാങ്ങി നടത്തുന്ന ഒരു സ്ഥാപനം എന്നതിൽ നിന്നും സർക്കാരിന് വരുമാനമുണ്ടാക്കി നൽകുന്ന സ്ഥാപനം എന്ന നിലയിലേയ്ക്ക് വാസ്തുവിദ്യാഗുരുകുലത്തിന് വളരാൻ കഴിയും. അതിലേയ്ക്കുള്ള ചുവടുവെയ്പാണ് ഈ സെമിനാറുകൾ. പൈതൃകോത്സവ വേദിയിലെ ഗ്രാമീണ കലാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു.
ചുമർചിത്രകലാ സെമിനാറിന്റെ ഭാഗമായി രാവിലെ 11.30ന് ആരംഭിച്ച സെഷനിൽ ‘കൺസർവേഷൻ ആൻഡ് പ്രിസർവേഷൻ ഓഫ് മ്യൂറൽസ്’ എന്ന വിഷയത്തിൽ ദർശന പഴൂർ പേപ്പർ അവതരിപ്പിക്കും. തുടർന്ന് ‘കേരളീയ ചുമർ ചിത്രങ്ങൾ’ എന്ന വിഷയത്തിൽ ഡോ കെ.യു. കൃഷ്ണകുമാർ പേപ്പർ അവതരണവും നടക്കും. തുടർന്ന് ഈ രണ്ടു വിഷയങ്ങളിലും ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ടാം വേദിയിൽ നടക്കുന്ന ആർക്കിടെക്ചർ സെമിനാറിലെ സെഷനുകൾ രാവിലെ 11.30ന് ആരംഭിച്ചു. ‘എസ്സെൻസ് ഓഫ് ഇന്ത്യൻ ആർക്കിടെക്ചർ’ എന്ന വിഷയം അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന സെഷനിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ചീഫ് ആർക്കിടെക്ട് എ.ആർ. രാജീവ് ആമുഖമായി സംസാരിക്കും. പ്രൊഫസർ ശരത് സുന്ദർ.ആർ, വിനോദ്കുമാർ.എം.എം എന്നിവർ പേപ്പറുകൾ അവതരിപ്പിക്കും. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ ‘സുസ്ഥിര നിർമ്മാണ സാങ്കേതിക വിദ്യ’ എന്ന വിഷയത്തിലധിഷ്ഠിതമായാണു പേപ്പറുകൾ സംഘടിപ്പിക്കുന്നത്.