Padma Shri Mani Madhava Chakyar inaugurated the Art Learning Center

പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാപഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്‌കാരിക പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാപഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകാരന്മാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളാണ്. അവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിലെ സാംസ്‌കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാര്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വെക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ടി പി രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവില്‍ ജന്മദേശമായ അരിക്കുളം പഞ്ചായത്തിലെ കാരയാട് തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് സാംസ്‌കാരിക പഠനകേന്ദ്രം നിര്‍മിച്ചത്. മാണി മാധവ ചാക്യാരുടെ കുടുംബം സൗജന്യമായി നല്‍കിയ പത്തുസെന്റ് സ്ഥലത്താണ് കെട്ടിടം. സാംസ്‌കാരിക കേന്ദ്രത്തിലെ ഫര്‍ണിച്ചറുകള്‍ക്കായി മൂന്ന് ലക്ഷം രൂപ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.