തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം: ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ചുമത്തി
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് കർശന നടപടിയെടുത്തു. ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത് പിഴ ചുമത്തിയിട്ടുണ്ട്.
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകർഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യ സമ്പത്ത് കുറയാനിടയാക്കുന്നതാണ്. ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളിയ്ക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികൾ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണം സംഘം ആഴക്കടലിൽ നടത്തിയ പരിശോധനയിൽ ഹൈവോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി.
മുനമ്പം പള്ളിപ്പുറം സ്വദേശി ചീനിപ്പറമ്പിൽ വീട്ടിൽ സണ്ണി പിൻഹീറോ എന്നയാളുടെ ഉടമസ്ഥതയിലുള്ള താനിയ, മുനമ്പം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുരയ്ക്കൽ റൈജുവിന്റെ വചനം 3, കൊച്ചി വെണ്ണല സ്വദേശി തറമ്മേൽ വീട്ടിൽ നിഷാദ് ജോർജിന്റെ അൽജോഹർ എന്നീ മൂന്ന് ബോട്ടുകളാണ് പിടിച്ചെടുത്തത്.
കടലിൽ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്ന മത്സ്യബന്ധനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്. 12 വാട്സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3255 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീൻപിടുത്തം നടത്തിയിരുന്നത്.
പരിശോധനയും നടപടികളും കർശനമാക്കാൻ തൃശ്ശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. തൃശ്ശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് മുനമ്പം, അഴീക്കോട് ഭാഗത്ത് നിന്ന് വന്ന ബോട്ടുകളാണ് രാത്രിയിൽ നിരോധിത മത്സ്യബന്ധന രീതിയായ ഹൈ വോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് ആഴക്കടലിൽ അനധികൃത മാർഗങ്ങളിലൂടെ മത്സ്യ ബന്ധനം നടത്തിയിരുന്നത്. പരിശോധനയിൽ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന ഹൈവോൾട്ടേജ് എൽഇഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷൻ ആക്ട്) പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. നിയമനടപടികൾ പുർത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച മുന്നരലക്ഷം രുപ സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് വചനം 3 ബോട്ടിന് പിഴയായി രണ്ടു ലക്ഷം രൂപയും, അനധികൃത മത്സ്യബന്ധനത്തിനും പെർമിറ്റ് ഇല്ലാത്തതിനുമായി അൽ ജോഹർ ബോട്ടിന് 2,50,000 രുപയും, താനിയബോട്ടിന് 2,50,000 രുപയും പിഴ ചുമത്തി ലഭിച്ച പത്തരലക്ഷം രുപ ട്രഷറിയിൽ ഒടുക്കി.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കി അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.