37.62 crores to construct flats for fishermen in Thiruvananthapuram constituency

കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കുവാൻ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിയ്ക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. 168 ഫ്ലാറ്റുകളാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരപ്രദേശത്തുനിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറി താമസിക്കുവാൻ വിമുഖതയുള്ളതിനാൽ കൊച്ചുവേളിയിലെ സ്ഥലത്ത് ഫ്ലാറ്റ് നിർമ്മിക്കുന്നത് അവർക്ക് വളരെ സഹായകരമാകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലാറ്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും.