ചെല്ലാനം മത്സ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
ചെല്ലാനം മത്സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു. കേന്ദ്ര സംസ്‌ഥാന സർക്കാരിന്റെ സംയുക്ത ശ്രമങ്ങളുടെ ഫലമായാണ് തിരദേശ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിന് ആധ്യക്ഷം വഹിച്ചു പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം. പദ്ധതിയുടെ ഭാഗമായി ചെല്ലാനത്ത് മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇലക്ട്രിക്ക് ഓട്ടോ ഫിഷ് വെൻഡിംഗ് കിയോസ്‌ക് വിതരണവും എമർജൻസി ട്രീറ്റ്‌മെൻ്റ് ആൻഡ് റെസ്‌ക്യൂ ബ്ലോക്ക് കെട്ടിടത്തിൻ്റെയും, പബ്ലിക് ടോയ്ലെറ്റ് ബ്ലോക്കിൻ്റെയും നിർമ്മാണ ഉദ്ഘാടനവും നടന്നു.
ഒമ്പത് മത്സ്യ ഗ്രാമങ്ങളെയാണ് ആധുനിക മത്സ്യ ഗ്രാമങ്ങളായി പ്രഖ്യാപിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴ, എറണാകുളം ജില്ലയിൽ ചെല്ലാനം, നായരമ്പലം, തൃശ്ശൂർ ജില്ലയിൽ എടക്കഴിയൂർ, മലപ്പുറം ജില്ലയിൽ പൊന്നാനി, കോഴിക്കോട് ജില്ലയിൽ ചാലിയം, കണ്ണൂർ ജില്ലയിൽ ചാലിൽ ഗോപാലപേട്ട, കാസർഗോഡ് ജില്ലയിൽ ഷിരിയ എന്നീ ഒമ്പത് ഗ്രാമങ്ങളാണ് ആധുനിക മത്സ്യ ഗ്രാമങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.