മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയായ പുനർഗേഹത്തിലൂടെ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആശ്വാസമേകിയത് 26 കുടുംബങ്ങൾക്ക്. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ 25 ഗുണഭോക്താക്കളും കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരു ഗുണഭോക്താവുമാണ് പദ്ധതി വഴി ഭവന നിർമ്മാണം പൂർത്തീകരിച്ചത്.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ മാത്രം പദ്ധതിയിലൂടെ മാറി താമസിക്കാൻ തയ്യാറായി 59 ഗുണഭോക്താക്കളാണ് ഉള്ളത്. ഇതിൽ 47 ഗുണഭോക്താക്കൾ ഭവന നിർമ്മാണത്തിനായി കണ്ടെത്തിയ ഭൂമിയുടെ വില ഡി.എൽ.എം.സിയിൽ
നിശ്ചയിച്ചിട്ടുള്ളതാണ്. ഇതിൽ 33 പേരുടെ ഭൂമി രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും 27 പേർ ഭവന നിർമ്മാണത്തിന്റെ അവസാന ഗഡു കൈപറ്റുകയും ചെയ്തു. 26 പേർ ഭവന നിർമ്മാണം പൂർത്തീകരിച്ച് മാറി താമസിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി രജിസ്ട്രേഷൻ പൂർത്തീകരിച്ച അവശേഷിക്കുന്ന ഏഴ് ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കയാണ്. ഗുരുവായൂർ മണ്ഡലത്തിൽ 3.01 കോടി രൂപയാണ് (3,01,76,940) പദ്ധതിക്കായി ചെലഴിച്ചത്. പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് 10 ലക്ഷം രൂപ വീതമാണ് ലഭ്യമാകുക.
പുനഗേഹം പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച 20 പേരുടെ ആധാരം തീരദേശ ജനതയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്ന മണ്ഡലത്തിലെ തീരസദസ്സിൽ വിതരണം ചെയ്യും. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന 2450 കോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് പുനർഗേഹം.തുടർച്ചയായി കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കുകയെന്നതാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2019-20 മുതൽ 2024-25 വരെയുള്ള കാലയളവിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.