The Kerala Sangeetha Nataka Academy will organize a state-level Kathaprasangamahotsavam

കേരള സംഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കും

യുവകാഥികർക്ക് കഥാപ്രസംഗ ശില്പശാലയും

കഥാപ്രസംഗ കലയുടെ നൂറാംവാർഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കും. ദക്ഷിണ മേഖല, മധ്യമേഖല,ഉത്തരമേഖല എന്നിവിടങ്ങളിലായാണ് കഥാപ്രസംഗമഹോത്സവം സംഘടപ്പിക്കുക. ഇതിന്റെ ഭാഗമായി കഥാപ്രസംഗ കലയിൽ തൽപരരായ വിദ്യാർത്ഥികൾക്കും യുവകാഥികർക്കും കഥാപ്രസംഗ ശില്പശാലയും ഒരുക്കും . ഓരോ മേഖലകളിലായി അഞ്ചുദിവസം വീതമാണ് കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കുക. ശില്പശാലയും കഥാപ്രസംഗ അവതരണവും അടങ്ങുന്നതാണ് കഥാപ്രസംഗമഹോത്സവം. ഓരോ ദിവസവും രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ശില്പശാലയിൽ വൈകീട്ട് 30 മിനുട്ട് വീതം ദൈർഘ്യമുള്ള യുവകാഥികരുടെ രണ്ട് ലഘു അവതരണങ്ങളും മുതിർന്ന കാഥികന്റെ അവതരണവും ഉണ്ടായിരിക്കും . ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ള കാഥികർക്കാണ് മഹോത്സവത്തിൽ അവതരണം നടത്തുന്നതിന് അവസരം ലഭിക്കുക. കഥാപ്രസംഗ ശില്പശാലയിൽ കഥാപ്രസംഗ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച അധ്യാപകരുടെ ക്ലാസ്സുകൾ, അഭിനയ പ്രാധാന്യമുള്ള ഇതര രംഗകലകളെ സംബന്ധിച്ചുള്ള സോദ്ദാഹരണ പ്രഭാഷണങ്ങൾ,മുതിർന്ന കലാകാരന്മാരുമായുള്ള മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും.കഥാപ്രസംഗ ശില്പശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്ക് മാത്രമാണ് പ്രവേശനമെങ്കിലും വൈകീട്ട് നടക്കുന്ന അവതരണം കാണുന്നതിന് കലാപ്രേമികൾക്കും അവസരം ഒരുക്കും. കഥാപ്രസംഗം എന്ന കലയെ ആഴത്തിൽ അറിയുന്നതിനും അറിവ് പങ്കുവെയ്ക്കുന്നതിനുമുള്ള വേദിയുമായാണ് കഥാപ്രസംഗമഹോത്സവം ഒരുക്കുന്നത്. 

കഥാപ്രസംഗമഹോത്സവത്തിൽ അവതരണം നടത്തുന്നതിന് അവസരം

കേരള സംഗീത നാടക അക്കാദമി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തിൽ അവതരണം നടത്തുന്നതിന് അവസരം. ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ള കാഥികർക്കാണ് അവതരണം നടത്താൻ അവസരം ലഭിക്കുക.താൽപര്യമുള്ളവർ അക്കാദമിയുടെ വെബ്സൈറ്റായ www.keralasangeethanatakaakademi.in നിന്ന് അപേക്ഷഫോം ഡൗൺലോഡ് ചെയ്തെടുത്ത്,അവതരണത്തിന്റെ 15 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സഹിതം അപേക്ഷ സമർപ്പിക്കുക. പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന അവതരണങ്ങൾ അനുവദിക്കുന്നതല്ല.സെപ്തംബർ 25 നകമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ടോ,തപാൽ/കൊറിയർ മുഖേനെയോ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.

യുവകാഥികർക്ക് ശില്പശാലയും

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന കഥാപ്രസംഗ ശില്പശാലയിൽ പതിനെട്ടിനും മുപ്പത്തിയഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള യുവകാഥികർക്ക് പങ്കെടുക്കാം.ഓരോ മേഖലയിലെയും ശില്പശാലയിൽ 25 പഠിതാക്കൾക്കാണ് അവസരം ലഭിക്കുക. ഇതിനുള്ള അപേക്ഷഫോം അക്കാദമിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതു കൂടാതെ ഓരോ മേഖലയിലും അഞ്ച് വീതം നിരീക്ഷകർക്കും ശില്പശാലയുടെ ഭാഗമാകാം. കഥാപ്രസംഗത്തെകുറിച്ച് ഗവേഷണം നടത്തുന്നവർ,പഠനം നടത്തുന്നവർ,വാർത്തകളും ഓൺലൈൻ പ്രമോഷനുകളുംം തയ്യാറാക്കുന്നവർ എന്നിവർക്കാണ് നിരീക്ഷകരായി മുൻഗണന നൽകുക. നിരീക്ഷകരും ശില്പശാലയിൽ പങ്കെടുക്കുന്നവർക്കുള്ള അതേ അപേക്ഷഫോമിൽ തന്നെയാണ് അപേക്ഷിക്കേണ്ടത്.ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യഭക്ഷണവും താമസസൗകര്യവും അക്കാദമി ഒരുക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്തംബർ 25.

കൂടുതൽ വിവരങ്ങൾക്ക്-0487 2332134