Mishti Project for Coastal Protection

തീര ശോഷണം, മലിനീകരണം, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം എന്നിവ തടയുന്നതിന് രാജ്യത്തെ 78 തീരദേശ പ്രദേശങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണ് മിഷ്‌ടി (മാൻഗ്രോവ് ഇനീഷ്യേറ്റീവ് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ്‌സ് ആന്റ് ടാൻജിബിൾ ഇൻകംസ്) . കേരളത്തിൽ കടൽത്തീരങ്ങളുള്ള 10 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി കണ്ടൽതൈകൾ വെച്ചുപിടിപ്പിക്കും. വനം വകുപ്പ് സാമൂഹ്യവനവത്ക്കരണ വിഭാഗം ഇതിനോടകം 16,350 കണ്ടൽ തൈകൾ നടുന്നതിനായി തയാറാക്കിയിട്ടുണ്ട്. ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന കണ്ടൽ വിവിധ തരം മത്സ്യങ്ങളുടേയും ജലജീവികളുടേയും ആവാസ വ്യവസ്ഥയിൽവലിയ പങ്കു വഹിക്കുന്നു. മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടൽ കാടുകൾ ദേശാടന പക്ഷികൾക്കും ജല പക്ഷികൾക്കും ആവാസമൊരുക്കുന്നു. മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം എന്നിവയെ തടയുന്നതിലും കണ്ടൽക്കാടുകൾ മുഖ്യ പങ്കു വഹിക്കുന്നു. കോറൽ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങൾക്ക് പ്രജനന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകൾ സംരക്ഷിക്കുക എന്നതും മിഷ്‌ടി പദ്ധതിയുടെ ഉദ്ദേശമാണ്.