കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ ഭീഷണി രൂക്ഷമായി നേരിടുന്ന അഞ്ചങ്ങാടി വളവ് മുതൽ 65 മീറ്റർ സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിൽ കരിങ്കൽ ഭിത്തി അടിയന്തിരമായി നിർമ്മിക്കും. മൂന്ന് ദിവസത്തിനകം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പത്ത് ദിവസത്തിനുള്ളിൽ അടിയന്തിരമായി നിർമ്മാണം ആരംഭിക്കും. കരിങ്കൽ ഭിത്തി നിർമ്മിക്കുന്നതിന് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ തയ്യാറാക്കി. കടൽ ഭിത്തി നിർമ്മിക്കുന്നതിനാവശ്യമായ കരിങ്കൽ ലഭ്യമാക്കാൻ വേണ്ട നടപടി ഉടൻ സ്വീകരിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
കടൽക്ഷോഭ സമയത്ത് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ട സൗകര്യമൊരുക്കാൻ വേണ്ട നടപടി സ്വികരിക്കും. കൂടാതെ രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെയും പിഡബ്ലിയുഡി വകുപ്പിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ ഭീഷണി തടയുന്നതിന് 10 ലക്ഷം രൂപയുടെ ജിയോ ബാഗ് പദ്ധതിയാണ് മുന്നോട്ടു വച്ചിരുന്നത്. ശ്വാശ്വത പരിഹാരം ഇതിലൂടെ കാണാൻ കഴിയില്ല എന്നതിനാൽ കരിങ്കൽ ഭിത്തി അടിയന്തരമായി നിർമ്മിക്കാൻ തീരുമാനത്തിലെത്തുകയായിരുന്നു. കടലാക്രമണം തടയുന്നതിന് തയ്യാറാക്കിയ 60 കോടി രൂപയുടെ ദീർഘ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.