IFFK inaugurated the distribution of delegate kit

ഐ എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-)മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി.

മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെ യും പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്രനടിമാർക്കുള്ള ആദരവും ഈ മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണ്. പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ ഇരുപത്തിയൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.