ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് കേരള സംഗീത നാടക അക്കാദമിയിൽ
കലാകാരർക്ക് ഡാറ്റാ ബാങ്കിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാം
ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്കായ കേരള സംഗീത നാടക അക്കാദമിയുടെ കേരള ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് നിലവിൽ വന്നു. കേരള സംഗീത നാടക അക്കാദമിയുടെ പരിധിയിലുള്ള വിവിധ കലാമേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ കലാകാരെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക്. ഇന്ത്യയിൽ തന്നെ സർക്കാർ മേഖലയിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ട ആദ്യ സ്ഥാപനമാണ് കേരള സംഗീത നാടക അക്കാദമി. ഇക്കഴിഞ്ഞ ദിവസം നടന്ന അക്കാദമി പുരസ്കാര സമർപ്പണ ചടങ്ങിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അക്കാദമി വെബ്സൈറ്റിന്റെയും ആർട്ടിസ്റ്റ് ഡാറ്റാബാങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചത്. ഭാവിയിൽ സർക്കാർ സേവനങ്ങളും ആനൂകൂല്യങ്ങളും കലാകാരർക്ക് ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സായി ഡാറ്റാ ബാങ്ക് മാറുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralasangeethanatakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകി കലാകാരർക്ക് ആർട്ടിസ്റ്റ് ബാങ്കിന്റെ ഭാഗമാകാം.20 വയസ്സിന് മുകളിൽ പ്രായമുള്ള കലാകാരർക്കാണ് ഡാറ്റാ ബാങ്കിൽ പേരു ചേർക്കാൻ അവസരം. ഗൂഗിൾ ഫോമിൽ 41 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി,സബ്മിറ്റ് ബട്ടൺ അമർത്തിയാൽ ഡാറ്റാ ബാങ്കിലേക്കുള്ള വിവരണ സമർപ്പണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാകും.തുടർന്ന് അക്കാദമിയിലെ വിദഗ്ധ പാനൽ ഗൂഗിൾ ഫോം പരിശോധിച്ച്,ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്നു തീരുമാനിക്കും.ഈ പരിശോധനയും പൂർത്തിയായതിനുശേഷമാണ് ഡാറ്റാ ബാങ്കിലേക്ക് കലാകാരരുടെ വിവരങ്ങൾ ഉൾപ്പെടുത്തുക. ഡാറ്റാ ബാങ്കിലേക്കുള്ള കലാകാരരുടെ വിവരങ്ങൾ ഓഫ് ലൈനായി സ്വീകരിക്കുന്നതല്ല.കേരളത്തിനകത്തും മറ്റുസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി കലാകാരർക്ക് ഡാറ്റാ ബാങ്കിൽ പേരു ചേർക്കാവുന്നതാണ്.കലാകാരർക്ക് നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ വഴിയോ ഗൂഗിൾ ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം.വരുംമാസങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കലാകാരരുടെ പ്രൊഫെൽ പൊതുജനങ്ങൾക്ക് വ്യൂ ചെയ്യാൻ സാധിക്കും.