Modernized Kairali and Sree Theatres dedicated to the nation

ആധുനീകരിച്ച കൈരളി, ശ്രീ തിയേറ്ററുകള്‍ നാടിനു സമര്‍പ്പിച്ചു

ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ ആധുനീകരിച്ച തൃശ്ശൂര്‍ കൈരളി, ശ്രീ തിയേറ്ററുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിനു സമര്‍പ്പിച്ചു. സിനിമകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതിന് ആധുനിക തിയേറ്ററുകള്‍ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ 1985 ല്‍ ചേര്‍ത്തലയിലാണ് ആദ്യത്തെ തിയേറ്റര്‍ ആരംഭിച്ചത്. ഇന്ന് ആറു ജില്ലകളിലായി 17 സ്‌ക്രീനുകള്‍ കൈഎസ്എഫ്ഡിസിക്ക് ഉണ്ട്. ഇതുകൂടാതെ പുതിയ തിയേറ്ററുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. 2030 ആകുമ്പോഴേക്കും 50 സ്‌ക്രീനുകള്‍ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി തിയേറ്ററില്‍ 33 ബാല്‍ക്കണി പ്ലാറ്റിനം സോഫ സീറ്റുകള്‍ ഉള്‍പ്പെടെ 519 സീറ്റുകളും, ശ്രീ തിയേറ്ററില്‍ 36 പ്ലാറ്റിനം സോഫ സീറ്റുകള്‍ ഉള്‍പ്പെടെ 327 സീറ്റുകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 800 ല്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തിയേറ്ററില്‍ സിനിമാ ആസ്വാദകര്‍ക്കായി ശീതീകരണ സംവിധാനത്തോടുകൂടിയ ബേബി ഫീഡിങ് റൂമുകള്‍, ലിഫ്റ്റ്, കഫെറ്റീരിയ, വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്ലറ്റ്, വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായിട്ടാണ് തിയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചടങ്ങില്‍ അഭിനയത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ടി.ജി രവിയെയും തിയേറ്ററിന്റെ നവീകരണത്തില്‍ പങ്കാളിയായവരെയും മന്ത്രിമാര്‍ ചേര്‍ന്ന് ആദരിച്ചു. ചലച്ചിത്ര സംവിധായകനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ നിഷാദ് ഷാജി എന്‍. കരുണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.എസ് പ്രിയദര്‍ശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.