Azhikode Pompano Hatchery Minister Saji Cherian visited

 

സംസ്ഥാനത്തെ ആദ്യത്തെ പൊമ്പാനോ ഹാച്ചറിയായ (വറ്റ മത്സ്യം) അഴീക്കോട് പൊമ്പാനോ ഹാച്ചറി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. ഹാച്ചറിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഫിഷറീസ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും കടല്‍ മത്സ്യകുഞ്ഞുങ്ങളുടെയും വനാമി ചെമ്മീന്‍ അടക്കമുള്ളവയുടെയും വിത്തുല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

കടല്‍, കായല്‍ ജലത്തില്‍ ഒരു പോലെ വളര്‍ത്തിയെടുക്കാവുന്നതും കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതുമായ മത്സ്യ ഇനമാണ് പൊമ്പാനോ. അഴീക്കോട് ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പൊമ്പാനോ ഹാച്ചറി (വറ്റ മത്സ്യം) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ 2.4 കോടി രൂപ ചെലവഴിച്ച് 2020 ഒക്ടോബര്‍ മൂന്നിനാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അത്യാധുനിക രീതിയിലുള്ള ലബോറട്ടറികളും ഇവിടെയുണ്ട്. വര്‍ഷത്തില്‍ 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ പ്രവര്‍ത്തനം.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, ഫിഷറീസ് ജെ ഡി സാജു, ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മാജ പി ജോസ്, പൊയ്യ ഹാച്ചറി ഡി ഡി മുജീബ് എന്നിവര്‍ സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.