അനധികൃത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കും
പെലാജിക് വല ഉൾപ്പെടെയുള്ള അനധികൃത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കും. നിരോധിത പെലാജിക് വല ഉപയോഗിച്ച് ട്രോൾബോട്ടുകളും അനധികൃത വലകൾ ഉപയോഗിച്ച് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും വ്യാപകമായി മത്സ്യബന്ധനം നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പെലാജിക്ക് വല ഉൾപ്പെടെയുള്ള നിരോധിത വലകളുടെ നിർമ്മാണം, സൂക്ഷിക്കൽ, ഗതാഗതം എന്നിവ കേരള മത്സ്യബന്ധന നിയന്ത്രണ നിയമം (KMFR Act) വകുപ്പ് 4 ഉപവകുപ്പ് (1) പരിച്ഛേദം (ഇ) പ്രകാരം നിരോധിച്ചിട്ടുണ്ട്. ചെറുമത്സ്യങ്ങൾ ഉൾപ്പെടെ സംരക്ഷിക്കപ്പെടേണ്ട മത്സ്യങ്ങൾക്ക് വളരെയേറെ നാശം വരുത്തുന്ന ആയതിനാലാണ് പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. ഈ വലകൾ ബോട്ടിൽ അല്ലെങ്കിൽ വള്ളത്തിൽ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന യാനങ്ങൾക്കെതിരെ 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ബോട്ടിലുള്ള മത്സ്യം ലേലം ചെയ്ത് തുക സർക്കാരിലേയ്ക്ക് അടക്കുകയും ചെയ്യും. നിയമലംഘനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ യാനത്തിന്റെ ലൈസൻസ്/സ്‌പെഷ്യൽ പെർമിറ്റ് റദ്ദ് ചെയ്യുകയോ രജിസ്‌ട്രേഷൻ റദ്ദുചെയ്യുകയോ ചെയ്യുന്നതാണ്. നിരോധിത വലകൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.
പെലാജിക് വല ഉൾപ്പെടെയുള്ള നിരോധിത വലകളോ അനധികൃത വലകളോ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്ന യാനങ്ങളെ കണ്ടെത്തുന്നതിനായി ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പോലീസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായി ഹാർബറുകളിലും കടലിലും വ്യാപകമായ പരിശോധനകൾ നടത്തുന്നതും അത്തരം യാനങ്ങളെ കണ്ടുകെട്ടി കർശനമായ നിയമനടപടി എല്ലാ ജില്ലകളിലും സ്വീകരിക്കും.