A seminar was organized on Multiculturalism and Cultural Diversity in Changing Times

വൈവിധ്യങ്ങളിലും സാംസ്കാരിക സമന്വയത്തിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് മാറുന്ന കാലത്തെ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വേർതിരിവുകളുടെ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ കല, സാംസ്കാരിക ഇടപെടലുകളിലൂടെ പ്രതിരോധം തീർക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ഉയർന്ന ജീവിത നിലവാര സൂചികകളിലും സാമൂഹിക സുരക്ഷിതത്വത്തിലും കേരളം വളരെ മുന്നിലാണ്. രാജ്യത്തെ ബഹുസ്വരതയും സാംസ്കാരിക ഇടപെടലുകളും സെമിനാർ സൂക്ഷ്മമായി വിലയിരുത്തും.

ജന്മിത്വത്തിനെതിരായ ഇടപെടലാണ് കേരളത്തിന്റെ സാമൂഹിക ഘടനയെ നവീകരിച്ചത്. ഒരു ജനതയെ ആകെ മാറ്റിമറിച്ച ഇതിഹാസ തുല്യമായ മുന്നേറ്റമായിരുന്നു കേരളത്തിന്റെ നവോത്ഥാനം. ഇതിന്റെ തുടർച്ചയാണ് ഭൂപരിഷ്ക്കരണമടക്കമുള്ള തീരുമാനങ്ങളിലൂടെ ആദ്യ മന്ത്രിസഭ നടപ്പിലാക്കിയത്. വൈവിധ്യങ്ങളും ഏകതയും ഇല്ലാതാക്കുന്ന സാഹചര്യം നിലവിലുണ്ട്. ഐക്യവും അഖണ്ഡതയും ഇല്ലാതാക്കുന്ന ചരിത്രം തന്നെ തിരുത്തപ്പെടുന്ന സാഹചര്യവും ഗൗരവമായി കാണണം.

ഒരു നാടിന്റെ ഭൂമിശാസ്ത്രം അതിന്റെ സംസ്കാരത്തെ സ്വാധീനിക്കുമെന്ന് സെമിനാറിൽ അഭിപ്രായമുണ്ടായി. സംഘടന എന്ന രാഷ്ട്രീയ രൂപീകരണ പ്രസ്ഥാനം നവോത്ഥാന കാലത്തിന്റെ പ്രത്യേകതയാണ്. ഗ്രന്ഥശാല, തൊഴിലാളി യൂണിയനുകൾ , സഹകരണസംഘടനകൾ എന്നിവയെല്ലാം കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചു. യാഥാസ്ഥിതികതയുടെയും വർഗീയതയുടെയും ലോകമില്ലാതാക്കി മാനവികതയുടെ പ്രക്ഷേപണ കേന്ദ്രങ്ങളായി മാറാനാണ് സാംസ്കാരിക വകുപ്പ് ശ്രമിക്കുന്നത്

എല്ലാമുൾക്കൊള്ളുന്ന പദമെന്ന നിലയിൽ സംസ്കാരമെന്നത് നിർവചിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. മാനവികമായ പൊതു ലക്ഷ്യത്തിന് വേണ്ടി ഒന്നാകുമ്പോൾ പോലും ബഹുസ്വരതകളുണ്ടാകണം. ലോകത്തെമ്പാടും എല്ലാം ഒന്നായി തീരണമെന്ന ചിന്ത സാമൂഹത്തിൽ വ്യാപകമാകുന്നുണ്ട്. ഇതിനെതിരായി നിലപാട് സ്വീകരിക്കണം വെറുപ്പിനും വംഗീയതയക്കമെതിരായി നിലപാടെടുക്കുന്ന കേരളീയ ത്തിന്റെ വേദിയിലെത്തിയതിൽ അഭിമാനിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. യാഥാർത്ഥ്യങ്ങളെയും ചരിത്ര വസ്തുതകളെയും ഫാസിസ്റ്റുകൾ എല്ലാ കാലത്തും ഭയപ്പെടുന്നു. ചരിത്ര രേഖകളെ തിരുത്തിയും ഇല്ലാതാക്കുന്നതിനെയും ഗൗരവമായി കാണണം.എഴുത്തിനെയും സർഗാത്മകതയെയും സംഗീതത്തെയും ഉൾക്കൊള്ളുന്ന മഹത്തായ സംസ്കാരം നമ്മുടെ രാജ്യത്തിനുണ്ട്.

ഓരോ നൂറ് കിലോമീറ്റർ യാത്രയിലും വ്യത്യസ്ത അനുഭവിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. സാമൂഹിക, മാനസിക യാഥാർത്ഥ്യങ്ങളെ ആവിഷ്ക്കരിക്കുന്നതാണ് നമ്മുടെ സാഹിത്യം. വിഭിന്നങ്ങളായ ജൈവ വൈവിധ്യം സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമാണ്. സംവാദങ്ങളും യോജിപ്പും വിയോജിപ്പും സമൂഹത്തിന്റെ വളർച്ചയെയും ജനാധിപത്യ ക്രമത്തെയും സഹായിക്കും.

വ്യത്യസ്ത അടരുകളിലൂടെ നിലനിൽക്കുന്നതാണ് ബഹുസ്വരത. വ്യത്യസ്തകളെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിന്റെ പ്രത്യേകതയാണ്. ബഹുസ്വരതകളെ തമസ്ക്കരിക്കുന്ന വിവേചനവും അയിത്തവും ഇന്നും പലസംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ട്.

കേരളമെന്ന മതേതര സംസ്ഥാനത്തെ സൃഷ്ടിക്കുന്നതിൽ സിനിമക്ക് വലിയ പങ്കാണുള്ളത്. എല്ലാ കലകളെയും ഒരുമിപ്പിക്കുന്ന കലാരൂപമെന്ന നിലയിൽ സിനിമ ഇന്ത്യയെ ഒരുമിപ്പിക്കുന്നു. സംസ്കാരത്തെ ഒരു അടിസ്ഥാന സൗകര്യമെന്ന നിലയിൽ സംസ്ഥാന ആസൂത്രണ ബോർഡ് പരിഗണിക്കണം. മനുഷ്യരെ പരസ്പരം കോർത്തിണക്കാൻ കലയെ ഉപയോഗിക്കണം.

മലയാള സാഹിത്യം മുൻപെങ്ങുമില്ലാത്ത വിധം ബഹുസ്വരതയെ ഉൾക്കൊള്ളുന്നുണ്ട്. ഗോത്ര , ട്രാൻസ്ജൻഡർ വിഭാഗങ്ങളെയടക്കം ഉൾക്കൊണ്ട് ആഖ്യാന രീതിയിൽ പുതു പരീക്ഷണങ്ങൾ മലയാള സാഹിത്യത്തിൽ നടക്കുന്നു. സംസ്ഥാനത്ത് കൃത്യമായ പുസ്തക നയം രൂപീകരിക്കുന്നതിലൂടെ സർഗാത്മക ലോകത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താൻ കഴിയും. മതരാഷ്ട്ര ബോധത്തിനെതിരായും ഏകതാബോധത്തിനെതിരായും നിലപാട് സ്വീകരിച്ചു കൊണ്ടാണ് സാംസ്കാരിക ലോകം മുന്നോട്ട് പോകേണ്ടത്.

വിദേശ സ്വാധീനത്തെയും ഉൾക്കൊള്ളാൻ കഴിഞ്ഞ സമൂഹമാണ് കേരളം.ഭാഷയിലും ഭക്ഷണത്തിലുമടക്കം എല്ലാ വൈവിധ്യങ്ങളെയും ചരിത്ര കാലം മുതൽ കേരളം അംഗീകരിച്ചു വരുന്നു. ബഹുസ്വരസമൂഹത്തെ അംഗീകരിച്ചും പുതു മാതൃകകൾ തീർത്തും നിലവിലെ വെല്ലുവിളികളെ നേരിടാനാവശ്യമായ ജനകീയ ഇടപെടലുകൾക്ക് സംസ്ഥാന സർക്കാറിന് കഴിയണമെന്നും പ്രതിനിധികൾ പറഞ്ഞു.

മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി മോഡററായി. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി,കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയീദ് അക്തർ മിർസ ,സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ ശ്രീനിവാസറാവു,എഴുത്തുകാരിയും പത്രപ്രവർത്തകയുമായ കെ എ ബീന,ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ , ഡിസി ബുക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, രവി ഡി സി ,കവിയും ഡൽഹി കെ കെ ബിർള ഫൗണ്ടേഷൻ, ഡയറക്ടറുമായ ഡോ.സുരേഷ് ഋതുപർണ, എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ആർ പാർവതി ദേവി എഴുത്തുകാരി അനിതാ നായർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.