Salary revision

മത്സ്യ സഹകരണ സംഘങ്ങളിലെ ശമ്പള പരിഷ്‌കരണം ഉത്തരവായി; ശമ്പള പരിഷ്‌കരണത്തിന് മുൻകാല പ്രാബല്യം

സംസ്ഥാനത്തെ പ്രാഥമിക മത്സ്യസഹകരണ സംഘങ്ങളിലെ അംഗീകൃത ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. കഴിഞ്ഞ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അനുമതി നൽകിയിരുന്നു. പുതുക്കിയ ശമ്പളത്തിന് 2019 ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2006 ലാണ് പ്രാഥമിക മത്സ്യസഹകരണ സംഘങ്ങളിൽ അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ഫിഷറീസ് ഡയറക്ടർ ചെയർമാനായ ശമ്പള പരിഷ്‌കരണ കമ്മിറ്റി സമർപ്പിച്ച റിപോർട്ടിൽ സർക്കാർ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചത്. ദിവസവേതന/കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്ക് ശമ്പളപരിഷ്കരണം ബാധകമല്ല.

വിവിധ അലവൻസുകളിൽ വർദ്ധന വരുത്തിയിട്ടുണ്ട്. ഇൻക്രിമെന്റുകൾ നേരത്തയുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി കാലതാമസമില്ലാതെ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2019 ഏപ്രിലിനു ശേഷം സർവീസിൽ പ്രവേശിച്ചവർ പുതുക്കിയ സ്‌കെയിലിൽ സർവീസിൽ പ്രവേശിച്ചതായി കണക്കാക്കും. 2,550 രൂപയിൽ തുടങ്ങി 11,685 ൽ അവസാനിച്ചിരുന്ന മാസ്റ്റർ സ്‌കെയിൽ പരിഷ്‌കരണത്തിന് ശേഷം 9,480 രൂപയിൽ തുടങ്ങി 43,660 രൂപയിലായിരിക്കും അവസാനിക്കുക.

പുതുക്കിയ സ്കെയിലിലെ ക്ഷാമബത്ത എകീകരിക്കുന്നതിലേക്കായി 57% ക്ഷാമബത്ത പുതുക്കിയ സ്കെയിലിൽ നിലനിർത്തിക്കൊണ്ട് പ്രീ റിവൈസ്ഡ്‌ സ്കെയിലിൽ ആകെയുള്ള 295% ക്ഷാമബത്തയിൽ ബാക്കിയുള്ള 238% ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടാണ് പുതുക്കിയ സ്കെയിൽ രൂപീകരിച്ചത്. ജീവനക്കാർക്ക് 2006 മുതൽ ശമ്പളപരിഷ്കരണം ലഭിക്കാത്തതിനാൽ 10% ഫിറ്റ്മെന്റ് ബെനിഫിറ്റ് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയെ തുകയെ അടിസ്ഥാനപ്പെടുത്തി അനുവദിക്കും. ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണത്തിൽ ഓപ്ഷൻ അനുവദിച്ചിട്ടില്ല.