State-of-the-art systems to protect fisheries

മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇട വരുത്തും. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിലുമായി സംഘടിപ്പിക്കുന്നതാണ് തീര സദസ്. പരമ്പരാഗത മത്സ്യ തൊഴിലാളികളെ വരുമാന വർദ്ധനവ് കൂടി ലക്ഷ്യമാക്കി ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് പ്രാപ്തരാക്കും. ഇതിനായി ഒന്നര കോടി രൂപ വരെ ചെലവ് വരുന്ന ആധുനിക യാനങ്ങൾ ഏർപ്പെടുത്തും. അടുത്തമാസം തന്നെ ഇത്തരത്തിലുള്ള അഞ്ചെണ്ണം പുറത്തിറക്കാൻ കഴിയും. മണ്ണെണ്ണയ്ക്ക് വില ഉയർന്ന പശ്ചാത്തലത്തിൽ പെട്രോൾ എൽപിജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. സമുദ്രജല കൂട് മത്സ്യകൃഷിയും പരീക്ഷിക്കും. നോർവേയുടെ സാങ്കേതിക സഹായത്തോടുകൂടിയാകും ഇത്.

തീരത്തിന്റെ ആകെ വികസനം സാധ്യമാക്കാൻ പോലുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണ്. എണ്ണായിരത്തിലേറെ കുടുംബങ്ങൾ പദ്ധതിപ്രകാരമുള്ള വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും മാറാൻ സന്നദ്ധരായിട്ടുണ്ട്. ഈ ഐക്യവും പിന്തുണയും ആണ് ദുരന്ത ഘട്ടങ്ങളെ അതിജീവിക്കാൻ സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ പ്രാപ്തരാക്കിയത്. പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെ നൽകും. 2016 ഭവനങ്ങൾ പൂർത്തിയാക്കാൻ ആയി. 3367 എണ്ണത്തിന്റെ രജിസ്‌ട്രേഷനും. 3970 എണ്ണത്തിന്റെ ഭൂമി വില നിശ്ചയിച്ചു. വിവിധ ഇടങ്ങളിലായി ആകെ 390 ഫ്‌ലാറ്റുകൾ പൂർത്തിയാക്കി കൈമാറി.

പാർപ്പിടം ഒരുക്കുന്നതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യവും ഉറപ്പാക്കി. 2016 മുതൽ ഇങ്ങോട്ട് 200 കോടിയിലധികം രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചത്. തീരദേശത്തെ 33 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 77 കോടിയുടെ പദ്ധതികൾ. വിവിധ ഘട്ടങ്ങളിലായി മാതാപിതാക്കൾ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് 2037 വരെ നീളുന്ന പദ്ധതിയിലൂടെ 16 കോടി രൂപയാണ് അനുവദിച്ചത്. പ്രതികൂല കാലാവസ്ഥ കാരണമുള്ള തൊഴിൽ നഷ്ടത്തിന് 36 കോടി രൂപ ധനസഹായവും. 2021ലെ കാലവർഷ തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട് 48 കോടി രൂപ നൽകിയത് ഒരു ലക്ഷത്തി അറുപതിനായിരം കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു.

മത്സ്യ വിപണനം മെച്ചമാക്കുന്നതിന്റെ ഭാഗമായി ചേർത്തലയിൽ തുടങ്ങിയ മെഗാ ഫുഡ്പാർക്കും ഗുണകരമായി. സംസ്ഥാനത്തെ 51 മാർക്കറ്റുകൾ 138 കോടി രൂപ ചിലവഴിച്ച് ആധുനികരിക്കും.

മത്സ്യബന്ധന മേഖലയ്ക്ക് പുറമേ എല്ലാ മേഖലയിലും ഉള്ളവരുടെ ക്ഷേമം സർക്കാർ ഉറപ്പാക്കുന്നു. 63 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ നൽകുന്നത്. 600 രൂപ ആയിരുന്നത് 1600 ആക്കി ഉയർത്തിയാണ് നൽകുന്നത്. 64000 പരമ ദരിദ്രാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമായി. പരമ ദരിദ്രരില്ലാത്ത കേരളമാണ് ലക്ഷ്യം. ദേശീയപാതയ്‌ക്കൊപ്പം മലയോര തീരദേശ ഹൈവേകളും യാഥാർത്ഥ്യമാവുകയാണ്. കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമായി. യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകളുടെ പറുദീസയായി സംസ്ഥാനം മാറി.