Cultural centers to preserve heritage

* ജില്ലകള്‍ തോറും സാംസ്‌കാരിക സമുച്ചയങ്ങള്‍
* 700 കോടി രൂപ നിര്‍മാണ ചെലവ്

കേരളത്തിന്റെ സാംസ്‌കാരിക പെരുമ നിലനിര്‍ത്തി വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് 2016-2017 സാമ്പത്തികവര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയാണ് ജില്ലാ സാംസ്‌കാരിക സമുച്ചയങ്ങള്‍. നവോത്ഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്കായി ജില്ലകള്‍ തോറും 50 കോടി രൂപ വീതം അനുവദിച്ച പദ്ധതിയുടെ അടങ്കല്‍ ചിലവ് 700 കോടി രൂപയാണ്. 3.50 മുതല്‍ 5 ഏക്കര്‍ വരെ സ്ഥലത്ത് ബൃഹത്തായ സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി കിഫ്ബി സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.

സംഗീത-നൃത്ത നാടകശാലകള്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയറ്റര്‍, ഓഡിറ്റോറിയങ്ങള്‍, ചിത്രപ്രദര്‍ശന ശാലകള്‍, ചമയമുറികള്‍, ഉപഹാര ശാലകള്‍, ഗ്രന്ഥശാല, വീഡിയോ ഹാള്‍, സെമിനാര്‍ ഹാള്‍, കരകൗശല വിദഗ്ദര്‍ക്കും കലാകാരന്‍മാര്‍ക്കുമുളള പണിശാലകള്‍, ഭരണ നിര്‍വഹണ കാര്യാലയം, കഫെറ്റീരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഓരോ സമുച്ചയത്തിലും ഉണ്ടാകും. ക്ലാസിക്കല്‍, ഫോക്ലോര്‍ സമകാലന കലാരൂപങ്ങളുടെ വലിയ രീതിയിലുള്ള ആസ്വാദനത്തിലും അവതരണത്തിനും അവസരമൊരുക്കുന്നതാണ് സാംസ്‌കാരിക നിലയങ്ങള്‍. കാസറഗോഡ്, പാലക്കാട്, കൊല്ലം ജില്ലകളിലെ സാംസ്‌കാരിക സമുച്ചയങ്ങളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

മടിക്കൈയില്‍ സ്വാതന്ത്രസമര സേനാനിയും നവോത്ഥാന നായകരില്‍ പ്രമുഖനുമായിരുന്ന ടി.എസ് സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നാമധേയത്തിലാണ് സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സമുച്ചയം കൊല്ലം ആശ്രാമം മൈതാനത്താണ് ഉയരുന്നത്. ഈ രണ്ട് കേന്ദ്രങ്ങളും ജൂലൈ മാസത്തിന് മുന്‍പായി നാടിന് സമര്‍പ്പിക്കുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നവയാണ്. വി.ടി ഭട്ടതിരിപ്പാടിന്റെ നാമധേയത്തില്‍ പാലക്കാട് യാക്കരയില്‍ പൂര്‍ത്തിയാകുന്ന സാംസ്‌കാരിക കേന്ദ്രം നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതുകൂടാതെ വിവിധ ജില്ലകളില്‍ നവോത്ഥാന നായകരുടെ പേരില്‍ സ്മാരകങ്ങള്‍, സമുച്ചയങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും അഭിപ്രായ,ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും അവ പൊതുവിടങ്ങളില്‍ വ്യക്തമാക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച സമുച്ചയങ്ങള്‍ സാംസ്‌കാരിക കേരളത്തിന് വലിയ മുതല്‍ക്കൂട്ടാവും.