പ്രതികൂല കാലാവസ്ഥ കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 50 കോടി രൂപയുടെ ധനസഹായം അനുവദിച്ചു
സംസ്ഥാനത്ത് അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട സമുദ്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. 2022 ഏപ്രിൽ, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 15 തൊഴിൽദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെട്ടത്. ഒരു തൊഴിൽ ദിനത്തിന് 200 രൂപ നിരക്കിൽ 3000 രൂപയാണ് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് ലഭിക്കുക . ഇതിനു മുമ്പ് ടൌട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തിൽ 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നു.