തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടും
‘ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം’
മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തിരമായി കൂട്ടി കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ മന്ത്രിതല യോഗത്തില്‍ കര്‍ശന നിര്‍ദേശം. ആവശ്യമുള്ള ഇടങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും അവിടേയ്ക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനും ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
നിലവില്‍ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികള്‍ മുറിച്ച് വെള്ളം കടലിലേക്ക് വിടുന്നുണ്ട്. ഇത്തരത്തില്‍ ഒഴുക്കി കളയുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിക്കാനാണ് പൊഴി മുഖത്തിന്റെ വീതി കൂട്ടുന്നത്. ഇതിലൂടെ മാത്രമേ കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കൃഷി സംരക്ഷിക്കാനും സാധിക്കൂ.
ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പലയിടങ്ങളിലും കുഴിയും റോഡിന്റെ വശങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കാന്‍ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്‍കി.
വെള്ളം ഒഴുകി പോകുന്നതിനായി താത്ക്കാലിക ഡ്രെയിനേജ് സംവിധാനം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പ്രവൃത്തി വേഗത്തില്‍ നടപ്പാക്കുന്നെന്ന് ഉറപ്പാക്കാനായി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. കടലേറ്റം രൂക്ഷമായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പത്തിശ്ശേരി, ഒറ്റമശ്ശേരി എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ ജിയോ ബാഗ് സ്ഥാപിക്കണം. സാധ്യമായ സ്ഥലങ്ങളില്‍ ടെട്രാപോഡുകള്‍ നിരത്തി വീടുകള്‍ക്കും മറ്റും കടല്‍ക്ഷോഭത്തില്‍ നിന്നും സംരക്ഷണം ഒരുക്കണമെന്നും ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കി.
മുന്‍ വര്‍ഷങ്ങളില്‍ പ്രളയം ഉണ്ടായത് മുന്നില്‍ കണ്ട് തോട്ടപ്പള്ളിയിലേക്കുള്ള ലീഡിംഗ് ചാനലിലെ തടസങ്ങള്‍ അടിയന്തമായി നീക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. പൊഴി മുറിക്കല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം. പാണ്ടി, പെരുമാങ്കര എന്നീ പാലങ്ങള്‍ക്കടിയില്‍ മാലിന്യം അടിഞ്ഞ് കൂടി നീരൊഴുക്ക് തടസപ്പെടുന്നുണ്ട്. ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലീഡിംഗ് ചാനലിലെ എക്കല്‍ നീക്കി നീരൊഴുക്ക് സുഗമമാക്കണം. എന്നാല്‍ മാത്രമേ പമ്പ, അച്ചന്‍കോവില്‍, മണിമല തുടങ്ങിയ ആറുകളിലൂടെ കിഴക്കു നിന്നും ഒഴുകയെത്തുന്ന വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കി വിടാനാകൂ. ഇതില്‍ വീഴ്ച വരുത്തരുത്. മുന്‍കാല അനുഭവങ്ങള്‍ മനസിലാക്കി വളരെ ജാഗ്രതയോടെ യുദ്ധകാലാടിസ്ഥാനത്തില്‍ വേണം പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നും നിര്‍ദേശിച്ചു.